“മുന്‍പെടുത്ത നിലപാടുകള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല”; വനിതാ മതില്‍ സംഘാടക സമിതിയില്‍ സുഗതനെ ഉള്‍പ്പെടുത്തിയത് ന്യായീകരിച്ച് മുഖ്യമന്ത്രി
ശബരിമലയില്‍ സ്ത്രീകളെ തടയുന്നതിന് നേതൃത്വം നല്‍കിയ നേതാവാണ് സുഗതന്‍. ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവയില്‍ പങ്കെടുത്ത സുഗതന്റെ രാഷ്ട്രീയം പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം
വനിതാമതില്‍ സംഘാടക സമിതി ജോയിന്‍റ് കണ്‍വീനറായി ഹിന്ദു പാര്‍ലമെന്‍റ് നേതാവ് സി.പി സുഗതനെ നിയമിച്ചതിനെ ന്യായീകരിച്ച് സര്‍ക്കാര്‍. മുമ്പെടുത്ത നിലപാട് നോക്കിയല്ല സുഗതനെ കമ്മിറ്റിയിലെടുത്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം.
നവോത്ഥാന സംഘടനകളുടെ യോഗത്തിന് ശേഷം പ്രഖ്യാപിച്ച വനിതാമതില്‍ പരിപാടിയുടെ മുഖ്യസംഘാടകരിലൊരാളായി ഹിന്ദു പാര്‍ലമെന്‍റ് നേതാവ് സി.പി സുഗതനെ നിയമിച്ചതാണ് വിവാദമായത്. ശബരിമലയില്‍ സ്ത്രീകളെ തടയുന്നതിന് നേതൃത്വം നല്‍കിയ നേതാവാണ് സുഗതന്‍. ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവയില്‍ പങ്കെടുത്ത സുഗതന്റെ രാഷ്ട്രീയം പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് ന്യായീകരണവുമായി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയത്.
എന്നാല്‍ ശബരിമല സ്ത്രീപ്രവേശന വിഷയം മുൻ നിർത്തിയല്ല വനിതാ മതിൽ നടത്തുന്നതെന്നാണ് സുഗതന്റെ വാദം. നിലപാടില്‍ മാറ്റമില്ലെന്നാണ് സുഗതന്‍ ഇന്നും വ്യക്തമാക്കിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ മറുപടിയില്ലാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
സുഗതന്‍ നടപ്പാക്കുന്ന സ്ത്രീ വിമോചനം എന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം പരിഹസിച്ചു. മുഖ്യമന്ത്രി വീണിടത്ത് കിടന്നുരുളുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.