തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി
നാടകീയമായിരുന്നു ഇതുവരെയുള്ള തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് ഭരണം. ആറ് മാസം മുമ്പ് കോണ്‍ഗ്രസ്സ്കാരനായ പ്രസിഡന്‍റ് തിരുവള്ളൂര്‍ മുരളിക്കെതിരെ..
കോഴിക്കോട് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. എല്‍.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസപ്രമേയ ചര്‍ച്ച യു.ഡി.എഫ് ബഹിഷ്കരിച്ചു. അവിശ്വസ പ്രമേയത്തിനിടെ പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി രാജിവെച്ചു.
നാടകീയമായിരുന്നു ഇതുവരെയുള്ള തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് ഭരണം. ആറ് മാസം മുമ്പ് കോണ്‍ഗ്രസ്സ്കാരനായ പ്രസിഡന്‍റ് തിരുവള്ളൂര്‍ മുരളിക്കെതിരെ ആദ്യം അവിശ്വാസ പ്രമേയം കൊണ്ട് വന്നത് യു.ഡി.എഫായിരുന്നു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലക്കെതിരെ തിരുവള്ളൂര്‍ മുരളി പ്രസ്താവന ഇറക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. മുരളിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ആ ദിവസം നടന്ന വോട്ടെടുപ്പില്‍ നിന്ന് ഇടത് അംഗങ്ങള്‍ വിട്ടുനിന്നു. തുടര്‍ന്ന് കോറം തികയാത്തതിനാല്‍ വോട്ടെടുപ്പ് നടന്നില്ല.എല്‍.ഡി.എഫും മുരളിയും ഒത്തുകളിക്കുകയാണെന്നായിരുന്നു യു.ഡി.എഫിന്‍റെ ആരോപണം. ആറ് മാസത്തിനിപ്പുറം എല്‍.ഡി.എഫ് തന്നെ പ്രസിഡന്‍റിനെതിരെ അവിശ്വാസം കൊണ്ട് വരികയായിരുന്നു.
നേരത്തെ യു.ഡി.എഫിലുണ്ടായിരുന്നു ലോക് താന്ത്രിക് ദള്‍ അംഗത്തിന്‍റെ പിന്തുണയോടെയായിരുന്നു എല്‍.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയം. യു.ഡി.എഫ് അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ താന്‍ രാജിവെയ്ക്കുകയാണെന്ന് പ്രസിഡന്‍റ് തിരുവള്ളൂര്‍ മുരളി പ്രഖ്യാപിക്കുകയായിരുന്നു. 13 അംഗങ്ങളുള്ള ഭരണസമിതിയില്‍ എല്‍.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്.