കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്
ഒരു ലക്ഷം പേരെയാണ് ഉദ്ഘാടനച്ചടങ്ങിലേക്ക് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഇനി നാല് നാള്‍ കൂടി ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്.ഒരു ലക്ഷം പേരെയാണ് ഉദ്ഘാടനച്ചടങ്ങിലേക്ക് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 25,000 പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. അതേസമയം ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു.
എയര്‍ ട്രാഫിക് കണ്ട്രോള്‍ കെട്ടിടത്തിന് സമീപത്തായി 1.20 ലക്ഷം ചതുരശ്ര അടിയിലാണ് ഉദ്ഘാടന വേദി ഒരുങ്ങുന്നത്.വേദിയില്‍ മന്ത്രിമാരും ജനപ്രതിനിധികളും അടക്കം 120 പേര്‍ക്ക് ഇരിക്കാവുന്ന സൌകര്യമൊരുക്കിയിട്ടുണ്ട്.ഓഹരി ഉടമകള്‍ക്കും പദ്ധതിക്ക് ഭൂമി വിട്ടു നല്‍കിയവര്‍ക്കും പന്തലില്‍ പ്രത്യേക സൌകര്യമൊരുക്കും.
ഫ്ലാഗ് ഓഫ് അടക്കമുളള ചടങ്ങുകള്‍ ഉദ്ഘാടന വേദിയില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. വേദിയുടെ ഇരു വശങ്ങളിലുമായി എല്‍.ഇ.ഡി സ്ക്രീനുകളും സജ്ജീകരിക്കുന്നുണ്ട്. വേദിക്ക് മുന്നിലായി ഒരുക്കുന്ന മിനി സ്റ്റേജിലാവും ഉദ്ഘാടന ദിവസം രാവിലെ മുതല്‍ കലാപരിപാടികള്‍ അരങ്ങേറുക.ഉദ്ഘാടന ചടങ്ങിലേക്ക് എത്തുന്നവര്‍ക്കായി വേദിയിലേക്കും തിരിച്ചും 90 ബസുകള്‍ സൌജന്യ സര്‍വീസ് നടത്തും. രണ്ട് ദിവസത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ. ഇതിനിടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി ജില്ലാ ഘടകം അറിയിച്ചു.