ശബരിമലയെക്കുറിച്ചോ ബി.ജെ.പിയെക്കുറിച്ചോ പരാമര്‍ശമില്ലാതെ വേണുഗോപാലന്‍ നായരുടെ മരണമൊഴി

മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബി.ജെ.പി ഹര്‍ത്താല്‍ നടത്താനിരിക്കേയാണ് മരണമൊഴി പുറത്തു വന്നത്

Update: 2018-12-13 14:00 GMT

ശബരിമലയെക്കുറിച്ചോ ബി.ജെ.പിയെക്കുറിച്ചോ പരാമര്‍ശമില്ലാതെ വേണുഗോപാലന്‍ നായരുടെ മരണമൊഴി. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നാണ് മൊഴി. മരിക്കുന്നതിന് തൊട്ടു മുമ്പായി നല്‍കിയ മൊഴി ഡോക്ടറും മജിസ്ട്രേറ്റും രേഖപ്പെടുത്തി. അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത സര്‍ക്കാര്‍ നടപടിയാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ബി.ജെ.പി ആരോപിച്ചിരിക്കുന്നത്.

ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ആത്മഹത്യാശ്രമം. സമരപന്തലിന് എതിര്‍വശമുള്ള ക്യാപിറ്റോള്‍ ടവറിന് മുന്നില്‍ നിന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊളുത്തിയ ശേഷം വേണുഗോപാലന്‍ നായര്‍ സമരപന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. എന്നാല്‍ പന്തലിന് അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. പീന്നീട് പൊലീസെത്തിയാണ് തീയണച്ചത്. എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇന്നു വൈകിട്ടോടെയാണ് മരിച്ചത്.

Advertising
Advertising

ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബി.എം.എസ് യൂണിയനില്‍ അംഗമായ വേണുഗോപാലന്‍ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ വര്‍ഷം വരെ ശബരിമല മണ്ഡലകാലത്ത് കരാര്‍ അടിസ്ഥാനത്തില്‍ അരവണ നിര്‍മ്മാണത്തിനും പോകുമായിരുന്നു.

Full View

ഇതിനിടെ വേണുഗോപാലന്‍ നായര്‍ സി.പി.എംകാരനാണെന്ന ബി.ജെ.പി നേതാവ് എം.ടി രമേശിന്റെ വാദത്തെ തള്ളിക്കൊണ്ട് വേണുഗോപാലിന്റെ ബന്ധു രംഗത്തു വന്നു. വേണുഗോപാലന്‍ നായര്‍ മുന്‍ ആര്‍.എസ്.എസുകാരനാണ്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലെന്നും സഹോദരി പുത്രന്‍ ബിനു മീഡിയവണിനോട് പറഞ്ഞു.

Tags:    

Similar News