ശബരിമല വിഷയം ഒഴിവാക്കി പ്രളയ ദുരിതാശ്വാസ വിവാദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ

ശബരിമലയല്ല, പ്രളയ പുനരധിവാസമാണ് കേരളത്തിലെ മൂര്‍ത്തമായ പ്രശ്നമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Update: 2018-12-24 09:48 GMT

ശബരിമല വിഷയം ഒഴിവാക്കി പ്രളയ ദുരിതാശ്വാസ വിവാദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി വിളിച്ച് ചേര്‍ത്ത് ഇതിന് പദ്ധതി തയ്യാറാക്കും. ശബരിമലയല്ല, പ്രളയ പുനരധിവാസമാണ് കേരളത്തിലെ മൂര്‍ത്തമായ പ്രശ്നമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Full View

ആദ്യ ഘട്ടത്തിലെ പദ യാത്രകള്‍ക്ക് ശേഷം പ്രത്യക്ഷ സമരത്തില്‍ നിന്നും ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പിന്‍വാങ്ങിയിരുന്നു. തങ്ങള്‍ വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വിശദീകരിക്കുമ്പോഴും രാഷ്ട്രീയമായി വലിയ മുന്‍തൂക്കം ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് ലഭിക്കില്ലെന്ന് നേതൃത്വം തിരിച്ചറിയുന്നു. തുടര്‍ന്നാണ് ചില ജനകീയ പ്രശ്നങ്ങള്‍ കൂടി സമാന്തരമായി ഉയര്‍ത്താനുള്ള നീക്കം. ഈ സാഹചര്യത്തിലാണ് ശബരിമലയല്ല സംസ്ഥാനത്തെ മൂര്‍ത്തമായ പ്രശ്നമെന്ന നിലപാട് കെ.പിസി.സി അധ്യക്ഷന്‍ തന്നെ വ്യക്തമാക്കിയത്.

29 ന് രാഷ്ട്രീയ കാര്യസമിതി ചേര്‍ന്ന് പ്രളയ പുനരിധിവാസത്തിലെ അപാകതകള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വിഷയത്തില്‍ പ്രക്ഷോഭങ്ങളടക്കമുള്ള ഇടപെടലുകള്‍ക്ക് രൂപം നല്‍കും. ഒപ്പം സംസ്ഥാനത്തെ കാര്‍ഷിക ഘടകം എഴുതി തള്ളണമെന്ന ആവശ്യം ഉയര്‍ത്തിയും സമര പരിപാടികള്‍ക്ക് രൂപം നല്‍കാനുമാണ് കെ.പി.സി.സി. തലത്തിലെ ആലോചന.

Tags:    

Similar News