ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ അയ്യപ്പജ്യോതി തെളിയിച്ചു

മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ 97 കേന്ദ്രങ്ങളിലാണ് പരിപാടി നടത്തിയത്.

Update: 2018-12-27 02:07 GMT

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ അയ്യപ്പജ്യോതി തെളിയിച്ചു . മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ 97 കേന്ദ്രങ്ങളിലാണ് പരിപാടി നടത്തിയത്. ബി.ജെ.പി പിന്തുണയോടെ നടന്ന ജ്യോതി തെളിയിക്കലിൽ നിരവധി സംഘപരിവാർ നേതാക്കളും അണിനിരന്നു.

Full View

വൈകുന്നേരം ആറ് മണിക്കാരംഭിച്ച ജ്യോതി തെളിയിക്കൽ അരമണിക്കൂർ നേരം നീണ്ടുനിന്നു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലെ സമരപ്പന്തലിന് മുന്നിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള, ഒ.രാജഗോപാൽ എം.എൽ.എ, സിനിമാ താരം മേനക സുരേഷ് എന്നിവർ പങ്കെടുത്തു. നടൻ സുരേഷ്ഗോപി എം.പി കളിയിക്കാവിളയിലും മുൻ ഡി.ജി.പി ടി.പി സെൻകുമാർ കിളിമാനൂരും ജ്യോതി തെളിയിച്ചു. എറണാകുളത്ത് പല സ്ഥലങ്ങളിലും പ്രതീക്ഷിച്ചത്ര പങ്കാളിത്തം ഉണ്ടായില്ല. ചങ്ങനാശ്ശേരിയിൽ അയ്യപ്പജ്യേതിക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു പിന്തുണ നൽകിയെങ്കിലും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്ഥലത്തുണ്ടായിട്ടും ജ്യോതി തെളിയിക്കലിൽ പങ്കെടുത്തില്ല.

പന്തളത്ത് നടന്ന പരിപാടിയിൽ കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാര വർമ പങ്കെടുത്തു. ശബരിമലയിൽ മാളികപ്പുറത്തിന് താഴെ നടന്ന ച‍ടങ്ങിൽ ഇരുപത്തഞ്ചോളം പേരാണ് ജ്യോതി തെളിയിച്ചത്. ശബരിമല കർമ സമിതിയുടെ രക്ഷാധികാരി സ്വാമി ചിതാനന്ദപുരി കോഴിക്കോട് ജ്യോതി തെളിയിച്ചു. നടൻ കൊല്ലം തുളസി കാഞ്ഞങ്ങാടാണ് പങ്കെടുത്തത്. അയ്യപ്പജ്യോതിയിൽ പങ്കെടുക്കാൻ എത്തിയർ സഞ്ചരിച്ച ബസിനു നേരെ കാസർകോട് കാലിക്കടവിൽ കല്ലേറ് നടന്നു.

Tags:    

Similar News