രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും: കെ.സി. വേണുഗോപാല്‍ എംപി
കര്‍ഷക പെന്‍ഷന് അനുമതി നിഷേധിച്ച സംസ്ഥാന ധനവകുപ്പിന്റെ നടപടി ഇവിടത്തെ പാവപ്പെട്ട കൃഷിക്കാരോടുള്ള വഞ്ചനയാണെന്നും എം.പി പറഞ്ഞു
തൃശൂര്‍: നിയമസഭാ തിരഞ്ഞെുപ്പിനുള്ള നാമനിര്‍ദേശപത്രികയില്‍ സ്വത്തുവിവരം മറച്ചു വച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. വ്യക്തമായ ചട്ടലംഘനമാണ് രാജീവ് ചന്ദ്രശേഖര്‍ നടത്തിയിരിക്കുന്നത്. അതിനെതിരെ മറ്റു നിയമനടപടികളും യുഡിഎഫ് സ്വീകരിക്കും. ഒരു രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്നത് ലജ്ജാകരമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പു കമ്മിഷന്റെ ചട്ടങ്ങളും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥിയുടെ സ്വത്തുവകകളുടെ പൂര്‍ണമായ വിവരം നല്‍കണം. എന്നാല്‍, കര്‍ണാടകയിലെ കോറമംഗലയില്‍ 68-2-408 എന്ന ക്രമനമ്പറിലുള്ള വസ്തുവിന്റെ വിവരം രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ മറച്ചു വെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് 2026 മാര്‍ച്ച് 17ന് ഈ വസ്തുവിന്റെ പേരില്‍ 502085 രൂപ നികുതിയടച്ചത് രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ്. 2024ലെ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ചപ്പോള്‍ ഈ വസ്തുവിന്റെ വിവരം സ്വത്തുവകകളില്‍ ഉള്‍പ്പെടുത്തിയിരുന്നതുമാണ്. ഇപ്പോള്‍ ഒഴിവാക്കിയത് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ്. എന്നിട്ടും പത്രിക സ്വീകരിച്ചതിനെതിരെ നിയമപരമായ എല്ലാ നടപടികളും യുഡിഎഫ് സ്വീകരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ബിജെപിയുടെ മുദ്ര കാണപ്പെട്ട സംഭവത്തിന്റെ തുടർച്ചയാണിത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോടികള്‍ മറിക്കുന്ന സിപിഎം അതിനു വേണ്ടി ബാര്‍ മുതലാളിമാരില്‍ നിന്നു കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണ് സംസ്ഥാനത്തെ ബാറുകളുടെ ലൈസന്‍സ് നീട്ടിക്കൊടുത്തത്. കര്‍ഷക പെന്‍ഷന് അനുമതി നിഷേധിച്ച സംസ്ഥാന ധനവകുപ്പിന്റെ നടപടി ഇവിടത്തെ പാവപ്പെട്ട കൃഷിക്കാരോടുള്ള വഞ്ചനയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ മൂലം ഇവിടത്തെ കൃഷിക്കാരുടെ സ്ഥിതി നേരത്തേ തന്നെ ദയനീയമാണ്. അമേരിക്കയുമായുള്ള ഡീലിന്റെ ഭാഗമായി രാജ്യത്തെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. അതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ദ്രോഹനടപടി. കേരളത്തില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ ജനവികാരം അതിരൂക്ഷമാണ്. സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍വിജയം നേടുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.