കാല്‍ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ഇടത് മുന്നണിയുടെ ഭാഗമായി ഐ.എന്‍.എല്‍
തുടക്കം മുതല്‍ ഇടത് ചേരിയില്‍നിലയുറപ്പിച്ചിട്ടും മുന്നണിയുടെ ഭാഗമാക്കാത്തത് പലപ്പോഴും ചര്‍ച്ചകള്‍ക്ക് വഴി വെച്ചു.
കാല്‍ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഐ.എന്‍.എല്‍ ഇടത് മുന്നണിയുടെ ഭാഗമാകുന്നത്. തുടക്കം മുതല്‍ ഇടത് ചേരിയില്‍ നിലയുറപ്പിച്ചിട്ടും മുന്നണിയുടെ ഭാഗമാക്കാത്തത് പലപ്പോഴും ചര്‍ച്ചകള്‍ക്ക് വഴി വെച്ചു. വര്‍ഗീയ പാര്‍ട്ടിയെന്ന ഒളിഞ്ഞും തെളിഞ്ഞും ഇടത് ചേരിയിലെ തന്നെ പലരും മുദ്ര കുത്തിയിട്ടും രാഷ്ട്രീയ നിലപാടുകളില്‍ ഐ.എന്‍.എല്‍ വെള്ളം ചേര്‍ത്തില്ല. മുന്നണി പ്രവേശനം സാധ്യമായതോടെ കാത്തിരിപ്പിന് വിരാമമായെങ്കിലും കേരള രാഷ്ട്രീയത്തില്‍ പഴയ ശക്തിയൊന്നും ഇന്ന് ഐ.എന്‍.എല്ലിന് ഇല്ല.
ബാബരി മസ്ജിദ് തകര്‍പ്പെട്ടതിന് ശേഷവും കോണ്‍ഗ്രസ് ചേരിയില്‍ നിലയുറപ്പിച്ച ലീഗ് നിലപാടിലുള്ള പ്രതിഷേധമായിരുന്നു ഐ.എന്‍.എല്ലിന്റെ പിറവിയിലേക്ക് നയിച്ചത്. മുസ്‍ലിം ലീഗില്‍ നിന്നും പുറത്തു പോയി ഇബ്രാഹിം സുലൈമാന്‍ സേട്ടെന്ന ദേശീയ നേതാവിന്റെ നേതൃത്വത്തില്‍ 1994 ഏപ്രില്‍ മൂന്നിന് പിറവിയെടുത്തു. പാര്‍ട്ടിയുടെ പേരടക്കം നിര്‍ദേശിച്ചത് പോലും സി.പി.എമ്മിലെ സമുന്നത നേതാക്കള്‍. പിറന്ന ഒന്നാം ദിനം മുതല്‍ ലീഗ് വിരുദ്ധ രാഷ്ട്രീയ ഉയര്‍ത്തി പിടിച്ച് നിലയുറപ്പിച്ചതും ഇടത് പക്ഷത്ത് തന്നെ. തെരഞ്ഞെടുപ്പുകളില്‍ ഐ.എന്‍.എല്ലിന് ഇടത് മുന്നണി പരിഗണന നല്‍കി. പക്ഷേ കാല്‍ നൂറ്റാണ്ട് കാലത്തോളം മുന്നണിക്ക് അകത്ത് കയറാനാകാതെ പുറത്ത് കാത്ത് നില്‍ക്കാനായിരുന്നു വിധി. പല തവണ മുന്നണി പ്രവേശനം വാഗ്ദാനങ്ങളിലൊതുങ്ങി. പലപ്പോഴും തടസമായത് സമുദായ പാര്‍ട്ടിയെന്ന മേല്‍വിലാസവും.
സ്വന്തം കാര്‍മികത്വത്തില്‍ പിറന്ന പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്നത് വൈകിച്ചതും സി.പി.എമ്മിലെ തന്നെ ചില നേതാക്കളും സി.പി.ഐയുടെ എതിര്‍പ്പുമായിരുന്നു. ഐ.എന്‍.എല്‍ പടിക്ക് പുറത്ത് കാത്ത് നില്‍ക്കുമ്പോഴും മറ്റ് പലരും മുന്നണിയില്‍ വന്നും പോയും ഇരുന്നതിനും കാലം സാക്ഷി. കാത്തിരിപ്പ് നീണ്ടതോടെ പല നേതാക്കളും ലീഗ് പാളയത്തിലേക്ക് തിരിച്ചെത്തിയതും ചരിത്രം. പാര്‍ട്ടി രൂപീകരിച്ച ഇബ്രാഹിം സുലൈന്‍മാന്‍ സേട്ടിന്റെ മകന്‍ സിറാജ് ഇബ്രാഹിം സേട്ട് ലീഗിന്റെ ദേശീയ സെക്രട്ടറിയായി മാറി. മുന്നണി പ്രവേശനത്തെ ഇത്രയും കാലം തുരങ്കം വച്ചവര്‍ യഥാര്‍ത്ഥത്തില്‍ ഐ.എന്‍.എല്ലിനെ ക്ഷീണിപ്പിച്ചുവെന്നതാണ് വസ്തുത. ഇത്തരത്തില്‍ ഞെക്കി ഞെരിഞ്ഞ് പ്രതാപ കാലം ചോര്‍ന്ന ശേഷം മാത്രമാണ് ഐ.എന്‍.എല്‍ മുന്നണിക്കകത്ത് കടക്കുന്നത്.