ഐ.എന്‍.എല്‍ ഇടത് മുന്നണിയിലെത്തുന്നത് കാല്‍ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം
സാമുദായിക പാര്‍ട്ടിയെന്ന് ഇടത് മുന്നണി നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ആരോപിച്ചു. എന്നിട്ടും നിലപാടുകളില്‍ ഉറച്ചുനിന്ന ഐ.എന്‍.എല്‍, പ്രതാപ കാലം അവസാനിച്ച ശേഷമാണ് ഇപ്പോള്‍ മുന്നണിയിലെത്തുന്നത്.
കാല്‍ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഐ.എന്‍.എല്‍ ഇടത് മുന്നണിയുടെ ഭാഗമാകുന്നത്. തുടക്കം മുതല്‍ ഇടത് ചേരിയില്‍ നിലയുറപ്പിച്ചിട്ടും മുന്നണിയിലേക്ക് പ്രവേശനം കിട്ടിയില്ല. സാമുദായിക പാര്‍ട്ടിയെന്ന് ഇടത് മുന്നണി നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ആരോപിച്ചു. എന്നിട്ടും നിലപാടുകളില്‍ ഉറച്ചുനിന്ന ഐ.എന്‍.എല്‍, പ്രതാപ കാലം അവസാനിച്ച ശേഷമാണ് ഇപ്പോള്‍ മുന്നണിയിലെത്തുന്നത്.
ബാബരി മസ്ജിദ് തകര്‍പ്പെട്ടിട്ടും കോണ്‍ഗ്രസ് ചേരിയില്‍ നിലയുറപ്പിച്ച മുസ്‍ലിം ലീഗ് നിലപാടിനോടുള്ള പ്രതിഷേധത്തില്‍ നിന്നാണ് ഐ.എന്‍.എല്ലിന്റെ പിറവി. ഇബ്രാഹിം സുലൈമാന്‍ സേഠ് എന്ന ദേശീയ നേതാവിന്റെ നേതൃത്വത്തില്‍ ലീഗ് പിളര്‍ത്തി ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചത് 1994ല്‍. പേരില്‍ നിന്നുവരെ മുസ്‍ലിം ബന്ധം ഒഴിവാക്കിയ ഐ.എന്‍.എല്‍ ഇടതുമുന്നണിക്കിണങ്ങുന്ന തരത്തില്‍ ഭരണഘടനവരെ ഉണ്ടാക്കി. എന്നിട്ടും മുന്നണി പ്രവേശം മാത്രം നടന്നില്ല. പാര്‍ട്ടി രൂപീകരണത്തിന് അണിയറയില്‍ ചരടുവലിച്ച സി.പി.എം തന്നെ ഐ.എന്‍.എല്ലിനെ പടിക്ക് പുറത്തുനിര്‍ത്തി.
തടസമായത് സമുദായ പാര്‍ട്ടിയെന്ന മേല്‍വിലാസം തന്നെ. ബി.ജെ.പിയില്‍ നിന്ന് പിളര്‍ന്നവരും എന്‍.ഡി.എ മന്ത്രിസഭയില്‍ അംഗമായവരും വരെ ഇക്കാലത്തിനിടെ ഇടതുമുന്നണിയില്‍ വന്നുപോയി. മുന്നണിയിലെ എതിര്‍പ് കാരണം കാത്തിരിപ്പ് നീണ്ടതോടെ പല നേതാക്കളും ലീഗ് പാളയത്തിലേക്ക് മടങ്ങി.
കേരളത്തില്‍ മറ്റൊരു പാര്‍ട്ടിക്കും ഒരു മുന്നണി പ്രവേശനത്തിന് വേണ്ടി ഇത്രയേറെ കാലം കാത്തിരിക്കേണ്ടി വന്നിട്ടില്ല. അത് ഐ.എന്‍.എല്ലിന് വരുത്തിയ നഷ്ടവും ചെറുതല്ല. ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ബദല്‍ പ്രതീക്ഷയായി പിറന്ന പാര്‍ട്ടി അതിന്റെ സര്‍വ പ്രതാപവും ചോര്‍ന്ന് നിലനില്‍പ് തന്നെ ആശങ്കയിലായ ഘട്ടത്തിലാണ് ഇപ്പോള്‍ ഇടതുമുന്നണിയിലേക്ക് എത്തുന്നത്.