ശബരിമലയില്‍ യുവതികള്‍ കയറി; സംഘ്പരിവാര്‍ തെരുവില്‍ അഴിഞ്ഞാടി
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്ന വാര്‍ത്ത വന്നതോടു കൂടി വ്യാപക അക്രമമാണ് സംസ്ഥാനത്തുടനീളം ബി.ജെ.പി സംഘ്പരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ടത്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച വാര്‍ത്ത വന്നതോടെ സംസ്ഥാനത്തുടനീളം വ്യാപക അക്രമമാണ് അരങ്ങേറിയത്. കൊല്ലത്തും പാലക്കാടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായി. ഗുരുവായൂരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ എസ്.ഐ ക്ക് പരിക്കേറ്റു.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്ന വാര്‍ത്ത വന്നതോടു കൂടി വ്യാപക അക്രമമാണ് സംസ്ഥാനത്തുടനീളം ബി.ജെ.പി സംഘ്പരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ടത്. പലയിടങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസിനും വാഹനങ്ങള്‍ക്കും നേരെ അക്രമമുണ്ടായി. കൊല്ലത്ത് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ മീഡിയവണ്‍ വാര്‍ത്താ സംഘത്തെ അക്രമിച്ചു. കൊല്ലം കാമറമാന്‍ ബിജുവിനെ കയ്യേറ്റം ചെയ്ത സംഘം കാമറ അടിച്ചു തകര്‍ത്തു.
മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണുവിന് നേരെയും കയ്യേറ്റമുണ്ടായി. തൃശൂരില്‍ വടക്കാഞ്ചേരിയിലും കൊടുങ്ങല്ലൂരിലും ഗുരുവായൂരിലും സംഘര്‍ഷമുണ്ടായി. ഗുരുവായൂരില്‍ കട അടപ്പിക്കാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ അക്രമാസക്തരായി. പ്രതിഷേധക്കാരുടെ കല്ലേറില്‍ ഗുരുവായൂര്‍ സി.ഐ പ്രേമാനന്ദ കൃഷ്ണന്റെ തലക്ക് പരിക്കേറ്റു. പാലക്കാട് മന്ത്രി എ.കെ ബാലന്‍ താമസിക്കുന്ന ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബംഗ്ലാവിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
പ്രതിഷേധക്കാരുടെ കുപ്പിയേറില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കോഴഞ്ചേരിയില്‍ മൂന്നു കെ.എസ്.ആര്‍.ടി.സി ബസുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. ദേവസ്വം കമ്മീഷണറുടെ പത്തനംതിട്ടയിലെ ഓഫീസില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി നാട്ടി റീത്ത് വെച്ചു. മാവേലിക്കരയില്‍ വാഹനങ്ങള്‍ തടഞ്ഞ സംഘം കടകമ്പോളങ്ങള്‍ അടപ്പിച്ചു. മാവേലിക്കര താലൂക്ക് ഓഫീസ് ഹർത്താൽ അനുകൂലികൾ തല്ലി തകർത്തു. ബുദ്ധ ജംങ്ഷനിൽ കട അടച്ചു തകർത്ത സംഘം കടയുടമയേയും ഭിന്നശേഷിക്കാരനായ മകനേയും ആക്രമിച്ചു.
കനക ദുർഗ്ഗയുടെ അങ്ങാടിപ്പുറത്തെ വീട്ടിലേക്ക് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാർച്ച് തിരുമാന്ധാംകുന്ന് ക്ഷേത്രകവാടത്തിൽ പൊലീസ് തടഞ്ഞു. കനക ദുർഗ്ഗയുടെ തറവാട്ടു വീട്ടിലും ഭർതൃവീട്ടിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കോഴിക്കോടും കണ്ണൂരും വിവിധയിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കൊച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.