കലാപ ഹര്‍ത്താല്‍; തെരുവില്‍ സംഘ്പരിവാര്‍ അക്രമം, കല്ലേറ്,തീയിടല്‍, മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു
അക്രമങ്ങളുമായി ബന്ധപ്പെട്ട് 9 പേരെ കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.പൊന്നാനിയില്‍ കട അടപ്പിക്കാനെത്തിയവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തെമ്പാടും വ്യാപക അക്രമം. കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമികള്‍ അഴിഞ്ഞാടി. വ്യാപാര സ്ഥാപനങ്ങള്‍ക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും നേരെ കല്ലേറുണ്ടായി. പാലക്കാട്ട് വായനശാലക്ക് തീയിട്ടു. മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ആലുവയില്‍ പ്രതിഷേധക്കാരും വ്യാപാരികളും തമ്മില്‍ ഏറ്റുമുട്ടി.
തൃശൂര്‍ വാടാനപ്പള്ളിയില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സി.പി.എം ഓഫീസുകള്‍ക്കെതിരെ വ്യാപകമായി ആക്രമണമുണ്ടായി. പാലക്കാട് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സുരക്ഷയൊരുക്കാന്‍ മതിയായ പൊലീസില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു.
പൊന്നാനിയില്‍ കട അടപ്പിക്കാനെത്തിയവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓമശ്ശേരിയില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ ശ്രമമുണ്ടായി. ഹോട്ടലിന് നേരെ കല്ലേറുമുണ്ടായി. പയ്യന്നൂർ, പെരുമ്പ, എടാട്ട് ഭാഗങ്ങളിൽ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് കല്ലേറ്. ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. മുക്കത്തും പന്നിക്കോടും ഹര്‍ത്താനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ജില്ലാ പോലീസ് മേധാവികൾക്ക് ഡി.ജി.പി നിർദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ പലഭാഗങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ടയര്‍ കത്തിച്ചും മറ്റും ഗതാഗതം തടസ്സപ്പെടുത്തി. കുന്ദമംഗലം, പാറോപ്പടി, എരഞ്ഞിപ്പാലം ഭാഗങ്ങളിലാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. ആലപ്പുഴ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.
തിരുവനന്തപുരം കണിയാപുരത്ത് കര്‍ണാടക ബസിന് നേരെ കല്ലേറുണ്ടായി. പാലക്കാട് പഞ്ചായത്ത് ആംബുലന്‍സിന് നേരെയും സി.പി.എം നിയന്ത്രണത്തിലുള്ള ലൈബ്രറിക്ക് നേരെയും ആക്രമണമുണ്ടായി. കരുനാഗപ്പള്ളി പുത്തന്‍ തെരുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രണ്ട് ബൈക്കുകള്‍ കത്തിച്ചു. കല്ലേറില്‍ ഒരു യുവാവിന് പരിക്കേറ്റു. കണ്ണൂർ പാനൂർ കൊളവല്ലൂരിൽ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് ജീപ്പ് അടിച്ചു തകർത്തു.
ആലുവയില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ ശ്രമമുണ്ടായി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ഏഷ്യാനെറ്റ് , മനോരമ കാമറമാന്‍മാര്‍ക്ക് മര്‍ദനമേറ്റു. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് മുന്നില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.