വനിതാമതില്‍: അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ സമസ്ത മുശാവറയില്‍ വിമര്‍ശനം
സമസ്തയുടെ വിലക്ക് ലംഘിച്ച് മലബാറിലെ മുസ്‍ലിം സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തുവെന്ന മാധ്യമ പ്രചാരണത്തിലേക്ക് നയിച്ചത് സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനയാണെന്ന അഭിപ്രായം യോഗത്തിലുണ്ടായി
വനിതാമതിലിന് സമസ്ത എതിരാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ സമസ്ത മുശാവറയില്‍ വിമര്‍ശനം. സ്വന്തം നിലപാട് സമസ്തയുടെ വിലാസം ദുരുപയോഗം ചെയ്ത് മാധ്യമങ്ങളോട് പറഞ്ഞത് അനുചിതവും തെറ്റുമാണെന്ന് മുശാവറ യോഗം വിലയിരുത്തി. സമസ്തയുടെ വിലക്ക് ലംഘിച്ച് മലബാറിലെ മുസ്‍ലിം സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തുവെന്ന മാധ്യമ പ്രചാരണത്തിലേക്ക് നയിച്ചത് സമദ് പൂക്കോട്ടൂരിന്റെ ബുദ്ധിശൂന്യമായ പ്രസ്താവനയാണെന്ന അഭിപ്രായം യോഗത്തിലുണ്ടായി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ വിനോദത്തിനോ
സ്ത്രീകളെ തെരുവിലിറക്കി ചൂഷണം ചെയ്യുന്നതില്‍ സമസ്തക്കുള്ള എതിര്‍പ്പ് തത്വാധിഷ്ഠിതമാണ്. ഇത് വനിതാമതിലിന്റെ കാര്യത്തില്‍ മാത്രം പ്രത്യേകം മാധ്യമങ്ങളോട് പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും അഭിപ്രായമുണ്ടായി.
മുസ്‍ലിം യൂത്ത് ലീഗിന്റെ യുവജനജാഥയില്‍ വനിതകള്‍ ഉള്‍പ്പെടെ ലീഗിന്റെ കൊടി പിടിച്ച് പങ്കെടുക്കുകയും പ്രകടനം നടത്തുകയും ചെയ്തപ്പോള്‍ നിശബ്ധത പാലിച്ച ശേഷം വനിതാ മതിലിന്റെ കാര്യത്തില്‍ സമദ് പൂക്കോട്ടൂര്‍ നിലപാട് പ്രഖ്യാപിച്ചത് സംഘടനയെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയെന്നും യോഗം വിലയിരുത്തി. വനിതാ മതില്‍ അടക്കമുള്ള കാര്യങ്ങളില്‍ മന്ത്രി കെ.ടി ജലീല്‍ സമസ്തയെ അവഹേളിക്കുന്നുവെന്ന് എം.ടി അബ്ദുല്ല മുസ്‍ലിയാര്‍ യോഗത്തില്‍ പറഞ്ഞു. ചര്‍ച്ചയില്‍ ഇടപെട്ട ഡോ.ബഹാവുദ്ദീന്‍ കൂരിയാട് ഇതിനോട് വിയോജിച്ചു. പൂക്കോട്ടൂരിന്റെ പ്രസ്താവനയാണ് ജലീലിനെ പ്രകോപിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്നാണ് വനിതകളുടെ പൊതുരംഗ പ്രവേശനം സംബന്ധിച്ച സമസ്തയുടെ നിലപാട് സംബന്ധിച്ച പ്രമേയം മുശാവറ പാസ്സാക്കിയത്.
സമസ്ത ലീഗിന്റെ വാലാവരുതെന്ന കെ.ടി ജലീലിന്റെ പ്രസംഗത്തില്‍ സംഘടനക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കെ.ടി ജലീലിനെ ഫോണില്‍ വിളിച്ച് അറിയിച്ചു.
പരാമര്‍ശത്തില്‍ ജലീല്‍ ക്ഷമ ചോദിച്ചതായാണ് വിവരം.