ശബരിമല യുവതി പ്രവേശനവിഷയത്തില്‍ സമരം തുടരാന്‍ സംഘ്പരിവാര്‍ തീരുമാനം

ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചക്ക് കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി ആര്‍.എസ്.എസ് സംയുക്ത യോഗത്തിലും ശബരിമല വിഷയമാണ് പ്രധാന ചര്‍ച്ചയായത്

Update: 2019-01-04 11:48 GMT

ശബരിമല യുവതി പ്രവേശനവിഷയത്തില്‍ സമരം തുടരാന്‍ സംഘ്പരിവാര്‍ സംഘടനകളുടെ തീരുമാനം. അയ്യപ്പ രഥയാത്രയുള്‍പ്പെടെയുള്ള പരിപാടികളുമായി ആര്‍.എസ്.എസ് രൂപം നല്‍കിയ ശബരിമല കര്‍മസമിതി മുന്നോട്ട് പോകും. ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചക്ക് കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി ആര്‍.എസ്.എസ് സംയുക്ത യോഗത്തിലും ശബരിമല വിഷയമാണ് പ്രധാന ചര്‍ച്ചയായത്.

ജനുവരി 11 മുതല്‍ 13 വരെ നീണ്ട് നില്‍ക്കുന്ന അയ്യപ്പ രഥയാത്രയും 18ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്താനാണ് ശബരിമല കര്‍മസമിതിയുടെ തീരുമാനം. ക്ഷേത്രങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന് ചൂണ്ടി കാട്ടി കാണിക്കവഞ്ചികളും ദേവസ്വം ബോര്‍‍ഡ് ഓഫീസുകളും ഉപരോധിക്കും. അതേ സമയം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം സ്വാഭാവിക വികാരമാണെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചതിനെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ അത് തെറ്റായിപ്പോയെന്നും മാപ്പ് ചോദിക്കുന്നതായും കര്‍മസമിതി നേതാക്കള്‍ പറഞ്ഞു.

Full View

ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചക്കാണ് യോഗം ചേര്‍ന്നതെങ്കിലും ശബരിമല യുവതി പ്രവേശനവും സമരങ്ങളുമാണ് ബി.ജെ.പി ആര്‍.എസ്.എസ് യോഗത്തിലും മുഖ്യ അജണ്ടയായത്. സംസ്ഥാന സർക്കാരിനെതിരെ ഇപ്പോൾ കടുത്ത ജനവികാരമാണ് ഉള്ളതെന്നും നിലവിലെ സാഹചര്യങ്ങൾ ബി.ജെ.പിക്ക് അനുകൂലമാണന്നും യോഗം വിലയിരുത്തി.

Tags:    

Similar News