എസ്.ബി.ഐ ബാങ്ക് ആക്രമണം; പ്രതികൾ ഒളിവിൽ കഴിയുന്നത് നഗരത്തിൽ തന്നെയെന്ന് പൊലീസ്
ആക്രമണത്തിനു നേതൃത്വം നൽകിയ രണ്ട് ഇടതുനേതാക്കളുടെ ഫോൺ ലൊക്കേഷൻ വഴുതക്കാടാണെന്നു പൊലീസ് കണ്ടെത്തി.
തിരുവനന്തപുരം എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസിലെ പ്രതികൾ ഒളിവിൽ കഴിയുന്നത് നഗരത്തിൽ തന്നെയെന്ന് പൊലീസ്. ആക്രമണത്തിനു നേതൃത്വം നൽകിയ രണ്ട് ഇടതുനേതാക്കളുടെ ഫോൺ ലൊക്കേഷൻ വഴുതക്കാടാണെന്നു പൊലീസ് കണ്ടെത്തി. പ്രതികൾ ഒളിവിൽ കഴിയുന്നത് സി.പി.എം ഓഫീസിലാണെന്നാണ് പൊലീസിന്റെ സംശയം.
എസ്.ബി.ഐ ബാങ്ക് ആക്രമിച്ച് ഒളിവിൽ കഴിയുന്നവർ കീഴടങ്ങാൻ തയ്യാറാകാത്തതിന്റെ സാഹചര്യത്തിലാണ് പൊലീസ് ഇവരുടെ ടവർ ലൊക്കേഷൻ പരിശോധിച്ചത്. പ്രിതികളായ സുരേഷ് കുമാർ, അനിൽ ബാബു എന്നിവർ നഗരത്തിൽ തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. സി.പി.എം സംരക്ഷണയോടെ പാർട്ടി ഓഫീസില്‍ പ്രതികൾ കഴിയുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തിൽ പാർട്ടി ഓഫീസുകളിൽ റെയ്ഡ് നടത്താൻ ആകില്ലെന്നും അന്വേഷണ സംഘം ചൂണ്ടി കാണിക്കുന്നു.
എന്നാൽ കേസിൽ കർശന നടപടിയുമായി മുന്നോട്ട് പോകണമെന്നാണ് ഡി.സി.പി ചൈത്ര ഐ.പി.എസ് അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പൊലീസ് റിപ്പോർട്ട് നൽകി. ഇവരെ സസ്പെൻഡ് ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. അതേസമയം തിങ്കളാഴ്ച ഹൈക്കേടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനും പ്രതികള്‍ തീരുമാനിച്ചിട്ടുണ്ട്.