ആലപ്പാട് ഖനനം നിർത്തിവെക്കില്ല; പുറത്ത് നിന്നുള്ളവരാണ് സമരത്തിന് പിന്നിലെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്നും സമര സമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്നും ജയരാജന്‍ പറഞ്ഞു

Update: 2019-01-18 08:32 GMT

ആലപ്പാട് സമരം നടത്തുന്നവര്‍ പുറത്തുനിന്നുള്ളവരെന്ന് ആവര്‍ത്തിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്നും സമര സമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്നും ജയരാജന്‍ പറഞ്ഞു. ആലപ്പാട്ടെ ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷനേതാവും കുറ്റപ്പെടുത്തി.

ആലപ്പാട്ടെ കരിമണൽ ഖനനം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്നലെ വിളിച്ചു ചേർത്ത മന്ത്രിതല ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ വീണ്ടും സമരത്തെ എതിർത്ത് മന്ത്രി ഇ.പി. ജയരാജൻ രംഗത്തെത്തി. വ്യവസായം പൂട്ടിയാൽ എന്തെന്നാണ് സമരക്കാരുടെ ചോദ്യം ഇതെങ്ങനെ ശരിയാകുമെന്നു ഇ. പി ജയരാജൻ ചോദിച്ചു. അതിനാൽ തന്നെ ഖനനം നിർത്തിവെയ്ക്കില്ല. പുറത്തു നിന്നുള്ളവരാണ് സമരക്കാർ എന്ന സർക്കാർ വാദം ശരിയാണെന്നു അവിടെ ചെന്ന് നോക്കിയാൽ മനസിലാകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സർക്കാരിന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു കഴിഞ്ഞു. ഉടൻ തന്നെ ആലപ്പാട് സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.

Advertising
Advertising

ആലപ്പാട് കരിമണല്‍ ഖനനം പൂർണ്ണമായും നിർത്തേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം. ഖനനം നിർത്തിയാൽ ഐ.ആർ.ഇ പൂട്ടേണ്ട അവസ്ഥയുണ്ടാകും. എന്നാല്‍ പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കണം. സമരം അവസാനിപ്പിക്കാൻ തുടർ ചർച്ചകൾ നടത്താനും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു

ആലപ്പാട്ടെ ജനങ്ങളുടെ വികാരം മനസിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെടണമെന്നും ചെന്നിത്തല പറഞ്ഞു.

ആലപ്പാട് ഖനനത്തിനെതിരായ സമരക്കാരുടെ ആവശ്യം ന്യായമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു‍. സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക അകറ്റണം. എന്നാല്‍ ഖനനം നിര്‍ത്തി വെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കാനം രാജേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

സെസ്സിലെ ശാസ്ത്രജ്ഞനായ ഡോ. ടി.എൻ. പ്രകാശിന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ചത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Full View
Tags:    

Similar News