51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; യുവതികളുടെ പ്രായത്തില്‍ സര്‍ക്കാര്‍ പട്ടികയില്‍ അവ്യക്തത

കേരളത്തിൽ നിന്നുള്ള ആരും പട്ടികയിലില്ല. എല്ലാവരുടേയും പ്രായം അമ്പതിന് താഴെയാണ് കാണിച്ചിരിക്കുന്നതെങ്കിലും പലരുടെയും പ്രായം അമ്പതിനു മുകളിലാണെന്നാണ് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

Update: 2019-01-18 10:34 GMT

ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ വാക്കാലാണ് സുപ്രീംകോടതിയെ അറിയിച്ചത്. ഇതിന്റെ ഡിജിറ്റല്‍ രേഖ കയ്യിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കണക്ക് വ്യാജമാണെന്ന് ഭക്തരുടെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍‌ ഇത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ദര്‍ശനം നടത്തിയ കനക ദുര്‍ഗ്ഗയും ബിന്ദുവിനും സുരക്ഷ നല്‍കാനും ഉത്തരവിട്ടു. ഇരുവരുടെയും ഹരജി കോടതി തീര്‍പ്പാക്കി.

അയ്യപ്പ ദര്‍ശനത്തിന് പിന്നാലെ ആക്രമണവും ഭീഷണിയും ശക്തമായതോടെ മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട് കനക ദുര്‍ഗ്ഗയും ബിന്ദുവും സമര്‍‌പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. അപ്പോഴാണ് സര്‍ക്കാര്‍ അഭിഭാഷകന്‍‌ വിജയ്ഹസാരിയ നിര്‍ണ്ണായക വിവരം കോടതിയില്‍ വെളിപ്പെടുത്തിയത്. 51 യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് ഡിജിറ്റല്‍ രേഖയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് കള്ളമാണെന്ന് അപ്പോള്‍തന്നെ ഭക്തരുടെ അഭിഭാഷകര്‍ എതിര്‍ത്തു.

Advertising
Advertising

51 പേരുടെ പട്ടിക അടങ്ങുന്ന കുറിപ്പ് കോടതിയില്‍ സമര്‍പ്പിക്കാതെ ആയിരുന്നു സര്‍ക്കാരിന്റെ വാദം. കേസുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗഗോയ് വ്യക്തമാക്കി. ബിന്ദുവും കനക ദുര്‍ഗ്ഗയും ആവശ്യപ്പെട്ടപോലെ സുരക്ഷ നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് ഉത്തരവിട്ടു. സന്നിധാനത്ത് തന്ത്രി ശുദ്ധികലശം നടത്തിയത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നതടക്കമുള്ള ഹര്‍ജിക്കാരുടെ മറ്റു വാദങ്ങള്‍ കോടതി ഇന്ന് പരിഗണിച്ചില്ല.

Full View

എന്നാല്‍, 51 സ്ത്രീകള്‍ ശബരിമലയിൽ എത്തിയതെന്ന പേരിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ പട്ടികയിൽ അവ്യക്തതയുണ്ട്. പട്ടികയില്‍ പേരുള്ള ഷീല എന്ന സ്ത്രീയുടെ പ്രായം അന്പത് വയസ്സിന് മുകളിലാണെന്ന് ഭര്‍ത്താവ് മീഡിയവണ്ണിനോട് വ്യക്തമാക്കി. രേഖയിലുള്ള ചെന്നൈ സ്വദേശിയായ പരംജ്യോതി പുരുഷനാണെന്നും കണ്ടെത്തി. എന്നാല്‍ 51 പേരുടെ പട്ടിക ആധികാരികമാണെന്ന് സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ജി. പ്രകാശ് പറഞ്ഞു.

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീകളുടേതായി കാണിച്ച് സര്‍ക്കാര്‍ സുപ്രീകോടതിയില്‍ നല്‍കിയ വിശദാശംങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ആരും പട്ടികയിലില്ല. എല്ലാവരുടേയും പ്രായം അമ്പതിന് താഴെയാണ് കാണിച്ചിരിക്കുന്നതെങ്കിലും പലരുടെയും പ്രായം അമ്പതിനു മുകളിലാണെന്നാണ് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

എന്നാല്‍ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുന്പള്‍ പ്രായം തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ഷീല പറഞ്ഞു. ഓൺലൈൻ വഴി ബുക്ക് ചെയ്തപ്പോള്‍ സംഭവിച്ച പിഴവാണെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. പദ്മാവതി ദസരി എന്ന സ്ത്രീക്ക് സര്‍ക്കാര്‍ രേഖ പ്രകാരം 48 വയസ്സേയുള്ളുവെങ്കിലും വോട്ടേഴ്സ് ഐഡി പ്രകാരം 55 വയസ്സുണ്ട്. ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്.

എന്നാല്‍ സര്‍ക്കാരിന് യാതൊരു തെറ്റും പറ്റിയിട്ടില്ലെന്നും, ശബരിമലയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മാത്രം വിശദാംശങ്ങളാണ് പട്ടികയില്‍ നല്‍കിയിരിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകനായ ജി. പ്രകാശ് നല്‍കുന്ന വിശദീകരണം.

സ്ത്രീകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശരിയായ രേഖകളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ ദാസ് പറഞ്ഞു. ഓൺലൈൻ സംവിധാനം ഉപയോഗിച്ചാണ് 51 യുവതികൾ ദര്‍ശനത്തിനെത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.

സുപ്രീംകോടതിയെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറക്കാനാണ് മുഖ്യമന്ത്രി സുപ്രീം കോടതിയില്‍ നല്‍കിയ വ്യാജ പട്ടിക നല്‍കിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും അഭിപ്രായപ്പെട്ടു.

Full View

സുപ്രീം കോടതിയെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ലജ്ജാകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അയ്യപ്പഭക്തരുടെ വികാരം വൃണപ്പെടുത്താനാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു ശ്രമിക്കുന്നത്. സംഘര്‍ഷം നിലനിര്‍ത്താനുള്ള ഹീനശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

Full View
Tags:    

Similar News