ഷുക്കൂര്‍ കേസിലെ കുറ്റപത്രം: സി.പി.എം കുരുക്കില്‍

പി.ജയരാജനെ കണ്ണൂരിലോ വടകരയിലോ മത്സരിപ്പിക്കാനുളള സി.പി.എം നീക്കത്തിനും തിരിച്ചടിയാവും.

Update: 2019-02-12 03:16 GMT

ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കും എതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയതോടെ സി.പി.എം കുരുക്കിലായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിഷയം പ്രധാന പ്രചാരണ ആയുധമാക്കാനാണ് സാധ്യത. ഇതിനിടെ പി.ജയരാജനെ കണ്ണൂരിലോ വടകരയിലോ മത്സരിപ്പിക്കാനുളള സി.പി.എം നീക്കത്തിനും ഇത് തിരിച്ചടിയാവും.

ഷുക്കൂര്‍ കൊല്ലപ്പെട്ടിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേസില്‍ പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കുമെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേ ഷുക്കൂര്‍ വധം വീണ്ടും സജീവ ചര്‍ച്ചയാകുമെന്നുറപ്പ്. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ പ്രധാന പ്രചാരണായുധമായി വിഷയം ഉയര്‍ത്തിക്കൊണ്ട് വരാനാണ് യു.ഡി.എഫിന്റെ തീരുമാനമെന്ന് നേതാക്കളുടെ ഇതുവരെയുളള പ്രസ്താവനയില്‍ നിന്ന് വ്യക്തം. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം ഇതിനൊപ്പം ചര്‍ച്ചയാവുന്നതോടെ മുസ്‍ലിം ന്യൂനപക്ഷ വിഭാഗം എതിരാകുമെന്ന ഭയവും സി.പി.എമ്മിനുണ്ട്.

Advertising
Advertising

Full View

പി.ജയരാജനെ കണ്ണൂരില്‍ നിന്നോ വടകരയില്‍ നിന്നോ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുളള ചില ചര്‍ച്ചകളും പാര്‍ട്ടിക്കുളളില്‍ നടന്നിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ടതോടെ ഈ നീക്കവും സി.പി.എമ്മിന് ഉപേക്ഷിക്കണ്ടി വരും. ഷുക്കൂര്‍ വധക്കേസിലെ സി.ബി.ഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ടി.വി രാജേഷ് നല്‍കിയ ഹരജി നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതില്‍ എന്ത് വിധിയുണ്ടാകുമെന്നാണ് ഇനി സി.പി.എം ഉറ്റുനോക്കുന്നത്.

Tags:    

Similar News