നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിയെ അനുവദിച്ചു
എറണാകുളം സി.ബി.ഐ കോടതി ജഡ്ജി കേസ് പരിഗണിക്കും. ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും...
നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജി. എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയെയാണ് കേസിന്റെ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിയോഗിച്ചത്. വിചാരണ വേഗത്തിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നടിയുടെ ആവശ്യത്തിനെതിരെ ദിലീപും പൾസർ സുനിയും സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസിന്‍റെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ഇരയായ നടി സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. കോടതി മാറ്റണമെന്നുമുള്ള ഇരയുടെ അപേക്ഷ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനിയും ദിലീപും സമർപ്പിച്ച ഹരജി തള്ളിയാണ് കോടതി നിർദേശം. നിലവിൽ എറണാകുളം സി.ബി.ഐ കോടതിയിലാണ് ജില്ലയിൽ വനിതാ ജഡ്ജിയുള്ളത്. അതിനാൽ ഈ കേസിന്റെ വിചാരണ സി.ബി.ഐ കോടതി എത്രയും വേഗം പൂർത്തിയാക്കാനാണ് കോടതി നിർദേശം നൽകിയത്.
വിചാരണ കോടതി മാറ്റുന്നത് സാമ്പത്തികമായും ആരോഗ്യപരമായും ബാധിക്കുന്ന നടപടിയാകുമെന്നായിരുന്നു പ്രതികളുടെ ആരോപണം. എല്ലാ ലൈംഗികാതിക്രമ കേസിലേയും ഇരകൾ വനിതാ ജഡ്ജിയെ ആവശ്യപ്പെട്ടാൽ എന്തു ചെയ്യുമെന്ന് ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു. വനിതാ ജഡ്ജിയെ വിചാരണക്ക് വേണമെന്ന ആവശ്യം ഇര ഉന്നയിച്ചാൽ അനുവദിക്കണമെന്ന് സുപ്രിംകോടതി ഉത്തരവുള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസിലെ നടപടി വൈകിപ്പിക്കലാണ് പ്രതിയായ ദിലീപിന്റെ ലക്ഷ്യമെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം സെഷൻസ് കോടതിയിലാണ് കേസ് നിലവിലുള്ളത്. 2017 നവംബർ 22ന് അന്തിമ റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.