സരിത എസ് നായര്‍ മത്സരിക്കുന്നു; പോരാട്ടം ഹൈബിക്കെതിരെ
എറണാകുളം കലക്ട്രേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങി മടങ്ങി. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനെതിരെയാവും താന്‍ മത്സരിക്കുകയെന്നും..
Update: 2019-03-28 10:51 GMT
സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ എറണാകുളത്ത് മത്സരിക്കുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെയാണ് തന്റെ പോരാട്ടമെന്ന് സരിത വ്യക്തമാക്കി.
കുറ്റാരോപിതരായ ചിലര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമുണ്ടെങ്കില്‍ ആര്‍ക്കും വിജയിച്ച് ജനപ്രതിനിധിയാകാമെന്ന നിലയാണ്. അവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കുമാകാം എന്നതാണ് സരിത നായരുടെ നിലപാട്.
എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. സ്ഥാനാര്‍ഥിത്വത്തിലൂടെ ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്നും സരിത പറയുന്നു.