കുഞ്ഞാലിക്കുട്ടിയും വീണയും കുമ്മനവും പത്രിക സമര്‍പ്പിച്ചു

പ്രമുഖ മുന്നണികളിലെ സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും തോമസ് ചാഴിക്കാടനും വീണാ ജോര്‍ജും കുമ്മനം രാജശേഖരനും ഇന്ന് പത്രിക നല്‍കി.

Update: 2019-03-29 15:27 GMT

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടരുന്നു. ഇന്ന് 15 നാമനിര്‍ദേശ പത്രികകള്‍ ആണ് സമര്‍പ്പിച്ചത്. ഇതോടെ ആകെ നാമനിര്‍ദേശ പത്രികകളുടെ എണ്ണം 23 ആയി. പ്രമുഖ മുന്നണികളിലെ സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും തോമസ് ചാഴിക്കാടനും വീണാ ജോര്‍ജും കുമ്മനം രാജശേഖരനും ഇന്ന് പത്രിക നല്‍കി.

Full View

ഇന്നലെ മുതലാണ് നാമനിര്‍ദേശ പത്രികള്‍ സമര്‍പ്പിക്കാന്‍ തുടങ്ങിയത്. ഇന്ന് രാവിലെയാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയത്. പത്രികാസമര്‍പണത്തിന് മുമ്പ് പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പാണക്കാട് എത്തി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് ഡി.സി.സി ഓഫീസിലേക്ക് പോയി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് മലപ്പറം കലക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്. ലീഗ് എം.എല്‍.എമാരും കൂടെയുണ്ടായിരുന്നു.

Advertising
Advertising

കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിക്കൊപ്പമെത്തിയാണ് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എം.എല്‍.എമാരായ മോന്‍സ് ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. നാല് സെറ്റ് പത്രികയാണ് തോമസ് ചാഴിക്കാടന്‍ സമര്‍പ്പിച്ചത്.

എന്‍.ഡി.എ മുന്നണിയില്‍ നിന്ന് കുമ്മനം രാജശേഖരനാണ് ആദ്യം പത്രിക നല്‍കിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അടക്കമുള്ള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നിന്ന് പ്രകടനമായാണ് കുമ്മനം രാജശേഖരന്‍ പത്രിക സമര്‍പ്പിക്കാന്‍ തിരുവനന്തപുരം കലക്ട്രേറ്റിലെത്തിയത്. ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. കുമ്മനം രാജശേഖരന് കെട്ടിവെക്കാനുള്ള 25000 രൂപ നല്‍കിയത് ഹരിവരാസനം രചിച്ച കോന്നനാകത്ത് ജാനകിയമ്മയുടെ മകള്‍ ബാലാമണി അമ്മയാണ്.

കുമ്മനത്തിന്റെ ആകെ വരുമാനം 31,83,871 രൂപയാണ്. പത്ത് ലക്ഷം രൂപ മൂല്യമുള്ള പരമ്പരാഗത സ്വത്തുണ്ട്. ഒന്നര ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമുണ്ട്. കുമ്മനത്തിന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് ഉള്ളത്. ശബരിമല ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ്ജും ഇന്ന് പത്രിക സമര്‍പ്പിച്ചു. ടൗണ്‍ ഹാള്‍ ജംഗ്ഷനില്‍ നിന്നും പ്രവര്‍ത്തകരുടെ അകമ്പടിയോടെ ജാഥയായാണ് കലക്ടറേറ്റിലേക്കെത്തിയത്. തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ നാളെ പത്രിക സമര്‍പ്പിക്കും.

Tags:    

Similar News