അശ്ലീല പരാമര്‍ശം: വിജയരാഘവന്‍ സ്ത്രീത്വത്തെ അപമാനിച്ചു; സി.പി.എം മാപ്പ് പറയണമെന്നും ഉമ്മന്‍ചാണ്ടി
പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയായിരുന്നു അധിക്ഷേപം.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ വിജയരാഘവന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് പരാമര്‍ശം. പ്രസ്താവന പിന്‍വലിച്ച് സി.പി.എം മാപ്പ് പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് കണ്‍വീനറുടെ അധിക്ഷേപത്തില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസും പ്രതികരിച്ചു. അധിക്ഷേപം പ്രയാസമുണ്ടാക്കി. തനിക്കും കുടുംബം ഉണ്ടെന്ന് അധിക്ഷേപം നടത്തിയവര്‍ ഓര്‍ക്കണമെന്നും രമ്യ ആലത്തൂരില്‍ പറഞ്ഞു.
പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയായിരുന്നു അധിക്ഷേപം. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചരണത്തിന് മുമ്പ് തങ്ങളെ കാണാന്‍ എത്തുന്നതെന്ന് വിജയരാഘവന്‍ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെണ്‍കുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമാര്‍ശം.