വര്‍ഗീയ പ്രചാരണത്തിനെതിരെ മുസ്‍ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

യോഗിക്കും മജീന്ദര്‍ സിങിനുമെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്ന് ലീഗ്. പെരുമാറ്റച്ചട്ടലംഘനമെന്ന് ചെന്നിത്തല.

Update: 2019-04-06 08:12 GMT
Advertising

മുസ്‍ലിം ലീഗിനെതിരായി യോഗി ആദിത്യനാഥ് നടത്തിയ വര്‍ഗീയ പ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. യോഗിയെ കൂടാതെ ബി.ജെ.പി എം.എൽ.എ മജീന്ദർ സിങ് സിർസക്കെതിരെയും കേസെടുക്കണമെന്ന് പരാതിയില്‍ ലീഗ് ആവശ്യപ്പെട്ടു. യോഗിയുടെ പരാമര്‍ശം പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരാമര്‍ശത്തിന് പിന്നില്‍ വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാനുള്ള ശ്രമമാണെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, കെ.എം.സി.സി ഡൽഹി ഘടകം പ്രസിഡൻറും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാൻ എന്നിവരടങ്ങുന്ന മുസ്ലിം ലീഗ് പ്രതിനിധി സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

യു.പി മുഖ്യമന്ത്രി യോഗിക്കും ബി.ജെ.പി എം.എല്‍.എ എം.എസ് സിര്‍സക്കും പുറമെ ലീഗിനെതിരെ ദുഷ്പ്രചാരണം നടത്തിയ എഫ്.ബി അക്കൗണ്ടുകളും ട്വിൻറർ ഹാൻറിലുകളും മരവിപ്പക്കമെന്നും പരാതിയിൽ ലീഗ് ആവശ്യപ്പെട്ടു. കോൺഗ്രസിനെ ബാധിച്ച വൈറസാണ് ലീഗെന്നായിരുന്നു യോഗിയുടെ പരാമർശം. മുസ്‌ലീം ലീഗിനെതിരായ യോഗി ആദിത്യനാഥിന്റെ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വർഗ്ഗീയതക്കെതിരായ ആന്റി വൈറസാണ് ലീഗെന്നും വർഗ്ഗീയത മാത്രം പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങൾക്ക്‌ പിന്നിലെന്നും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

Tags:    

Similar News