ഏഴില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടി തരൂര്‍

മുന്നാക്ക വോട്ടുകള്‍ നഷ്ടപ്പെടാതെ തന്നെ ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ തരൂരിന് കഴിഞ്ഞതാണ് തരൂരിന് നേട്ടമായത്.

Update: 2019-05-24 03:27 GMT

ബി.ജെ.പിയുടെ അക്കൌണ്ട് തുറക്കല്‍ സാധ്യതകളെയാണ് തിരുവനന്തപുരത്ത് ശശി തരൂര്‍ തകര്‍ത്തത്. ഏഴില്‍ ആറ് മണ്ഡലങ്ങളിലും തരൂര്‍ മുന്നിട്ട് നിന്നു. മുന്നാക്ക വോട്ടുകള്‍ നഷ്ടപ്പെടാതെ തന്നെ ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ തരൂരിന് കഴിഞ്ഞതാണ് ഈ നേട്ടത്തിന് പിന്നില്‍.

ബി.ജെ.പി സംസ്ഥാനത്ത് പ്രതീക്ഷയര്‍പ്പിച്ച ഏക മണ്ഡലം തിരുവനന്തപുരമായിരുന്നു. ശബരിമല വിഷയവും കുമ്മനത്തിന്‍റെ സ്ഥാനാര്‍ഥിത്വവും പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ തന്‍റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രകടനം പുറത്തെടുത്ത തരൂര്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെ തകര്‍ത്തു. കഴിഞ്ഞ തവണ ബി.ജെ.പി ലീഡ് നേടിയ കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും തിരുവനന്തപുരവും തരൂര്‍ തിരിച്ചുപിടിച്ചു. നേമത്ത് മാത്രമാണ് ബി.ജെ.പി ക്ക് ലീഡ് നിലനിര്‍ത്താനായത്.

Advertising
Advertising

പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ മകിച്ച ലീഡ് കൂടി നല്കിയതോടെ ഭൂരിപക്ഷം ലക്ഷം കടന്നു. നഗരമണ്ഡലങ്ങളിലെ ഹിന്ദു വോട്ടുകളിലെ ചോര്‍ച്ച തടയാന്‍ കഴിഞ്ഞതും ന്യൂനപക്ഷമേഖലയിലെ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതും നിര്‍ണായകമായി.

ശബരിമല വിഷയം സജീവ ചര്‍ച്ചയായ മണ്ഡലത്തില്‍ രണ്ട് എന്‍.എസ്.എസ് യൂണിയനുകളില്‍ ഒന്നിന്‍റെ പൂര്‍ണ പിന്തുണ ഉറപ്പിച്ചു. മറ്റൊരു യൂണിയനില്‍ നിന്ന് പരാമവധി വോട്ടുകളും ഉറപ്പുവരുത്തി. ക്രിസ്ത്യന്‍ സഭകള്‍, മുസ്ലീം സംഘടനകള്‍ എന്നിവര്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ നടത്തിയ ശ്രമം വിജയം കണ്ടു. അവസാനഘട്ടത്തില്‍ ന്യൂനപക്ഷവോട്ടുകള്‍ വിഭജിപ്പിക്കാന്‍ എല്‍.ഡി.എഫ് ക്യാമ്പ് നടത്തിയ ശ്രമങ്ങളെയും പരാജയപ്പെടുത്താന്‍ കഴിഞ്ഞു.

Full View

പാര്‍ട്ടിയിലെ സംഘടനാ പരമായ പ്രശ്നങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ തന്നെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളുടെ ഇടപെടല്‍ ഉറപ്പുവരുത്തി. എ.കെ ആന്‍റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യം അവസാന ദിവസത്തെ പ്രചരണങ്ങളില്‍ ഉറപ്പുവരുത്തുകയും ചെയ്തു. പഴുതടച്ച ഇത്തരം നീക്കങ്ങളാണ് തരൂരിന് മികച്ചവിജയം നേടികൊടുത്തതെന്ന് തന്നെ പറയാം.

Tags:    

Similar News