സമൂഹവ്യാപനത്തിലേക്ക് അടുക്കുന്നു; എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിലേക്ക് വലിയ തോതിൽ അടുക്കുന്നു എന്ന് സംശയിക്കേണ്ട സമയമാണിത്,

Update: 2020-07-09 13:32 GMT
Advertising

സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധ സാമൂഹിക വ്യാപനത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിലേക്ക് വലിയ തോതിൽ അടുക്കുന്നു എന്ന് സംശയിക്കേണ്ട സമയമാണിത്, കോവിഡ് വ്യാപനത്തിൽ നിർണ്ണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നത്, നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഘട്ടമാണിതെന്നും എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടെ സംഭവിച്ചൊരു കാര്യം നാം ഗൗരവമായി എടുക്കണം. ഒരു മത്സ്യ മാർക്കറ്റിൽ ഉണ്ടായ കാര്യം. ആ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവൻ ലോക്ഡൗണിലേക്ക് നയിച്ചു. ട്രിപ്പിൾ ലോക്ഡൗണിലേക്ക് എത്തി. നഗരത്തിന്റെ വിവിധ മേഖലകളിലേക്ക് രോഗം എത്തി എന്നാണ് ഇന്നത്തെ ഫലം തെളിയിക്കുന്നത്. ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നുവെന്നാണു റിപ്പോർട്ട്.

ഇത് തലസ്ഥാനത്ത് മാത്രമുള്ളതാണല്ലോ എന്നു കരുതി മറ്റു പ്രദേശങ്ങൾ ആശ്വാസം കൊള്ളേണ്ടതില്ല. കാരണം ചിലയിടത്തൊക്കെ ഇത്തരം പ്രതിഭാസങ്ങൾ കാണുന്നുണ്ട്. കൊച്ചിയിലും സമാനമായ വെല്ലുവിളി നേരിടുന്നു. എപ്പോൾ വേണമെങ്കിലും നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യമാണ്. ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്. നാം ആരെങ്കിലും അതിൽനിന്ന് ഒഴിഞ്ഞു നിൽക്കുകയാണെന്ന തോന്നല്‍ വേണ്ട.

നിയന്ത്രണങ്ങൾ ഇപ്പോഴുള്ളത് സമൂഹത്തെ മൊത്തം കണക്കിലെടുത്താണ്. ഇത് സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണ്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. പാലിച്ചില്ലെങ്കിൽ സമ്പർക്ക വ്യാപനത്തിലേക്കും സൂപ്പർ സ്പ്രെഡിലേക്കും പിന്നെ സമൂഹ വ്യാപനത്തിലേക്കും എത്തിയെന്നു വരും. ഇതിനൊന്നും അധികം സമയം വേണ്ട എന്നതാണു നമ്മുടെ അനുഭവം. പൂന്തുറയിലെ സൂപ്പർ സ്പെഡിലേക്ക് നീങ്ങാൻ അധികം സമയം എടുത്തില്ലെന്ന് നമുക്ക് അറിയാവുന്നതാണ്. നിയന്ത്രണം പാലിക്കൽ പ്രധാനമാണ് അതിൽ സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കാനാകണം. ഇപ്പോൾ രോഗം ബാധിച്ച പലരുടേയും സമ്പർക്ക പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം.

വലിയ ആൾക്കൂട്ടം എത്തിപ്പെടുന്ന ഏതു സ്ഥലവും അവിടെ ഒരാളോ, രണ്ടാളോ രോഗിയാണെങ്കിൽ അത് എല്ലാവരെയും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുകയാണ്. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ നാം പുറത്തിറങ്ങാവൂ. എവിടെയും ആൾക്കൂട്ടം ഉണ്ടാകരുത്. ഇതിനു നാം നല്ല ഊന്നൽ കൊടുക്കണം. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധയുണ്ടായി എന്നുവരാം. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യം നോക്കിയാല്‍ ചില പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കു പിന്നീടു രോഗബാധ ഉണ്ടായതായി കണ്ടിട്ടുണ്ട്.

അതിന്റെ ഭാഗമായി സമ്പ‍ർക്കപട്ടിക തയാറാക്കുന്നവർ വല്ലാതെ പാടുപെടുകയാണ്. കാരണം തനിക്ക് രോഗം ബാധിക്കില്ല എന്ന ചിന്തയോടെ അദ്ദേഹം പലയിടങ്ങളിലാണ് കറങ്ങിയത്. അദ്ദേഹവുമായി ബന്ധപ്പെട്ടവർ, അദ്ദേഹത്തിന്റെ അടുത്ത് പെരുമാറിയവർ അവരൊന്നും ഇത്തരം ശങ്ക ഉള്ളവരായിരുന്നില്ല. അവർ മറ്റുള്ളവരുമായി ബന്ധപ്പെടും. ഇങ്ങനെ ഇതൊരു വ്യാപനത്തിലേക്കു നീങ്ങുന്ന സ്ഥിതി വരും. അതുകൊണ്ടാണ് ആൾക്കൂട്ടം ഒഴിവാക്കണമെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News