'സമസ്ത കണ്ണുരുട്ടിയിട്ടില്ല'; ലീഗിന്റെ വനിതാ സ്ഥാനാർത്ഥി വിഷയത്തിൽ ജിഫ്‌രി തങ്ങൾ

"മുസ്‌ലിംലീഗ് സെക്യുലർ സ്വഭാവമുള്ള ഒരു രാഷ്ട്രീയപ്പാർട്ടിയാണ്. ഒരു മതത്തിന്റെ പേരിൽ സംഘടിപ്പിക്കപ്പെട്ട പാർട്ടിയല്ല"

Update: 2021-03-21 05:08 GMT
Advertising

കോഴിക്കോട്: ലീഗിന്റെ വനിതാ സ്ഥാനാർത്ഥി വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. രാഷ്ട്രീയപരമായ അനിവാര്യ ഘട്ടത്തിലാകാം ലീഗ് അത്തരത്തിൽ ഒരു തീരുമാനമെടുത്തത് എന്നും തങ്ങൾ കൂട്ടിച്ചേർത്തു. സുപ്രഭാതം ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' വനിതാ സ്ഥാനാർത്ഥി വിഷയത്തിൽ സമസ്ത കണ്ണുരുട്ടിയിട്ടില്ല. ചിലപ്പോൾ ആരെങ്കിലും മതപരമായ വീക്ഷണങ്ങൾ പറഞ്ഞിട്ടുണ്ടാകാം. അതോടുകൂടി മുസ്‌ലിംലീഗ് സെക്യുലർ സ്വഭാവമുള്ള ഒരു രാഷ്ട്രീയപ്പാർട്ടിയാണ്. ഒരു മതത്തിന്റെ പേരിൽ സംഘടിപ്പിക്കപ്പെട്ട പാർട്ടിയല്ല. മുസ്‌ലിം എന്ന പേരുണ്ടെങ്കിലും അതു മുസ്‌ലിംകളുടെ അവകാശങ്ങൾ മാത്രം നേടിയെടുക്കുന്ന പാർട്ടിയല്ല. മുസ്‌ലിംകളുടെയും ഇവിടുത്തെ ന്യൂനപക്ഷങ്ങളുടെയും ഒക്കെ അവകാശങ്ങൾ പ്രത്യേകം നേടിയെടുക്കുന്ന കക്ഷിയാണ്. അതോട് ഒപ്പം രാജ്യത്തിന്റെ മതേതരത്വത്തിനും ഉയർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയുമാണ് ലീഗ്' - തങ്ങൾ ചൂണ്ടിക്കാട്ടി.

അനിവാര്യഘട്ടത്തിലാകാം ലീഗിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'അവർക്ക് ചിലപ്പോൾ സ്ഥാനാർത്ഥി നിർണയത്തിൽ, സംവരണ സീറ്റിൽ നിർബന്ധമായും വനിതകളെ പരിഗണിക്കേണ്ടി വരും. അതാണ് പഞ്ചായത്തുകളിലൊക്കെ കാണുന്നത്. അതല്ലാതെയും ചിലപ്പോൾ ചിലപ്പോൾ പരിഗണിക്കേണ്ട പ്രത്യേക ഘട്ടങ്ങൾ ഉണ്ടാകാം. പരിഗണിക്കപ്പെട്ടിട്ടില്ല എങ്കിൽ പാർട്ടിയുടെ ശക്തി നഷ്ടപ്പെടുകയോ പാർട്ടി പരിഹസിക്കപ്പെടുകയോ... അങ്ങനെ പലതും ഉണ്ടാകാം. അതിനുള്ള സാധ്യതയുണ്ട്. പരിഗണിക്കപ്പെടേണ്ട സന്ദർഭങ്ങളിൽ അവർ പരിഗണിച്ചാൽ അതൊരു തെറ്റാണ് എന്ന് പറയേണ്ടി വരില്ല. വനിതാസ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് എന്നോട് കാര്യങ്ങൾ ചോദിച്ചിരുന്നു. രാഷ്ട്രീയമായ നിലനിൽപ്പിന് അത് നിർബന്ധമായ ആവശ്യമാണ് എന്ന് തോന്നുകയാണ് എങ്കിൽ അത് നിങ്ങൾക്ക് പരിഗണിക്കാം എന്ന് പറഞ്ഞിരുന്നു. പരിഗണിക്കൽ നിർബന്ധമാവണം. അങ്ങനെയുള്ള സാഹചര്യത്തിലായിരിക്കാം ലീഗ് ഒരു വനിതാ സ്ഥാനാർത്ഥിയെ പരിഗണിച്ചത്' - അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ ലീഗ് എതിര്‍പ്പ് രേഖപ്പെടുത്തി എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോഴിക്കോട് സൌത്തില്‍ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

സുന്നീ ഐക്യത്തിന്റെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നും ജിഫ്‌രി തങ്ങൾ പറഞ്ഞു. 'ഐക്യത്തെ സ്വാഗതം ചെയ്യുന്നു. അതിനുള്ള ഫോർമുലകൾ ഉണ്ടാകേണ്ടതുണ്ട്. ഒറ്റവാക്യത്തിൽ അതു പറയാനാകില്ല. മുശാവറ കൂടി അത് ചർച്ച ചെയ്യേണ്ടതാണ്. ചർച്ചയുടെ വാതിലുകൾ അടഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ഉമറാക്കളുടെ പിന്തുണയും വേണം' - അദ്ദേഹം കൂട്ടിച്ചേർത്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News