ശാഹുൽ ഹമീദ് ബാഖവി; ഉത്തരേന്ത്യൻ കർമഭൂമിയിലേക്ക് മുമ്പേ പറന്നയാൾ

യാത്രാ സൗകര്യങ്ങളോ ആശയവിനിമയ ഉപാധികളോ വേണ്ടത്ര ഇല്ലാതിരുന്ന കാലത്താണ് ബാഖവി വിദ്യാഭ്യാസ ദൗത്യവുമായി ഉത്തരേന്ത്യയിലെ ഉൾഗ്രാമങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്.

Update: 2021-03-26 11:11 GMT

മൂന്നു പതിറ്റാണ്ടിലധികമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ, സേവന, മതപ്രബോധന മേഖലകളിൽ നിറഞ്ഞു നിന്ന മലയാളിയാണ് വെള്ളിയാഴ്ച അന്തരിച്ച ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം. ഗ്രാമീണ ഇന്ത്യയിലെ പ്രാരാബ്ധങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവിടെ വിദ്യാഭ്യാസ ജാഗരണ പ്രവർത്തനങ്ങൾക്ക് സൃഷ്ടിപരമായ നേതൃത്വം നൽകാൻ അദ്ദേഹത്തിനായി. ദേശീയ തലത്തിൽ മദ്രസാ പ്രസ്ഥാനത്തെ വളർത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് അനൽപ്പമാണ്. ഇസ്‌ലാമിക് എജ്യുക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്നിവയുടെ അഖിലേന്ത്യാ ഓർഗനൈസറായിരുന്നു ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം .

Advertising
Advertising

മത വിദ്യാഭ്യാസം അന്യമായ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മദ്രസകൾ സ്ഥാപിക്കുകയും പ്രാദേശിക ഭാഷകളിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുകയുമായിരുന്നു ബാഖവിയുടെ ദൗത്യം. ഇസ്‌ലാമിക വിദ്യാഭ്യാസ യത്‌നത്തിന് ദേശീയനയവും പ്രവർത്തനവും നൽകിയ സംവിധാനമായ ഇസ്‌ലാമിക് എജ്യുക്കേഷൻ ബോർഡ് ഓഫ് ഇന്ത്യയുടെ തലപ്പത്ത് അദ്ദേഹമുണ്ടായിരുന്നു.

യാത്രാ സൗകര്യങ്ങളോ ആശയവിനിമയ ഉപാധികളോ വേണ്ടത്ര ഇല്ലാതിരുന്ന കാലത്താണ് ബാഖവി തന്റെ വിദ്യാഭ്യാസ ദൗത്യവുമായി ഉത്തരേന്ത്യയിലെ ഉൾഗ്രാമങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇതോടെ ഉത്തരേന്ത്യയിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിൽ ശാഹുൽ ഹമീദ് മലൈബാരി എന്നത് പരിചിത നാമമായി മാറി.

'ഉത്തരേന്ത്യയിലൂടെ' എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ ജീവിത വഴികളെ അടയാളപ്പെടുത്തുന്നുണ്ട്. കേരളീയരുടെ കണ്ണെത്താത്ത ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നിരവധി രാജ്യങ്ങളിലേക്കും അദ്ദേഹം വിദ്യാഭ്യാസ യത്‌നങ്ങൾക്കായി ഇറങ്ങിത്തിരിച്ചു. പത്തു വർഷക്കാലം ആഫ്രിക്കൻ മേഖലയിലായിരുന്നു ബാഖവിയുടെ പ്രവർത്തനങ്ങൾ.

ചിരപരിചിതമല്ലാത്ത നിരവധി വഴികളിലൂടെ കടന്നു പോയ ബാഖവിക്ക് ഇനിയും പല പദ്ധതികൾ മനസ്സിലുണ്ടായിരുന്നു. അതിനിടെയാണ് അസുഖം പിടികൂടുന്നതും ആ യാത്ര അവസാനിക്കുന്നതും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News