കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷാണെന്ന് തെളിയിച്ചാൽ 25 ലക്ഷം നൽകും: ഡി.വൈ.എഫ്.ഐ

സ്ക്രീൻഷോട്ട് നിർമിച്ചയാളെ കണ്ടെത്തിയാൽ പണം നൽകുമെന്ന് മറുപടിയുമായി യൂത്ത് കോൺഗ്രസും

Update: 2024-08-18 11:56 GMT

കോഴിക്കോട്: കാഫിർ വിവാദത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷിന് പൂർണപിന്തുണ അറിയിച്ചതിന് പിന്നാലെ ഇനാം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ. വിവാദ സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാമായി നൽകാമെന്നാണ് പ്രഖ്യാപനം. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെതാണ് പ്രഖ്യാപനം. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റാണ് റിബേഷ്. സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് റിബേഷ് ആണെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. റിബേഷിന്റെ ഫോൺ വിശദമായ പരിശോധനക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്.

Advertising
Advertising

അതേസമയം ഡി.വൈ.എഫ്.ഐക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് രം​ഗത്തെത്തി. സ്ക്രീൻഷോട്ട് നിർമിച്ചയാളെ കണ്ടെത്തിയാൽ പണം യൂത്ത് കോൺഗ്രസ് നൽകുമെന്നാണ് പ്രഖ്യാപനം. സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലാണ് ഫേസ്ബുക്കിൽ മറുപടി നൽകിയത്. 

കാഫിർ സ്‌ക്രീൻഷോട്ടിന്റെ പേരിൽ റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തിൽ മാധ്യമങ്ങളും, ലീഗ്, കോൺഗ്രസ് നേതൃത്വവും അനാവശ്യമായി റിബേഷിനെ പ്രതിയാക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് വി. വസീഫും ജനറൽ സെക്രട്ടറി വി.കെ സനോജും പറഞ്ഞു. 

റിബേഷ് ഡി.വൈ.എഫ്.ഐ നേതാവാണ്. അദ്ദേഹത്തിനുമേൽ സംഘടനക്ക് ഉത്തരവാദിത്തമുണ്ട്. ക്രൂശിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. റിബേഷാണ് സ്‌ക്രീൻഷോട്ട് ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞിട്ടില്ല. അന്വേഷണം പൂർത്തിയാവുമ്പോൾ ലീഗ്, കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News