പാലക്കാട് 13 വർഷത്തിനിടെ 28 കുട്ടികളുടെ മരണം; പ്രാഥമികാന്വേഷണത്തിന് നിർദേശം നല്‍കി ഹൈക്കോടതി
13 വർഷത്തിനിടയിൽ 28 കുഞ്ഞുങ്ങൾ മരിച്ചതില്‍ ദുരൂഹതയുണ്ട് എന്നാണ് ഹരജിക്കാരുടെ വാദം.
കൊച്ചി: പാലക്കാട് ജില്ലയിൽ 13 വർഷത്തിനിടെ 28 കുട്ടികൾ മരിച്ച സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്താന്‍ നിർദേശിച്ച് ഹൈക്കോടതി. അന്വേഷണം ആവശ്യപ്പെട്ടുള്ള സാമൂഹ്യപ്രവർത്തകരുടെ ഹരജിയിലാണ്, ബാലാവകാശ കമ്മീഷനോട് പ്രാഥമികാന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം നല്‍കിയത്.
13 വർഷത്തിനിടയിൽ 28 കുഞ്ഞുങ്ങൾ മരിച്ചതില്‍ ദുരൂഹതയുണ്ട് എന്നാണ് ഹരജിക്കാരുടെ വാദം. കുട്ടികളിൽ പലരും തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. എങ്കിലും കൊലപാതകത്തിന്റെ സൂചനകൾ ഉണ്ടെന്ന് സാമൂഹിക പ്രവർത്തകർ നൽകിയ ഹരജിയിൽ സൂചിപ്പിക്കുന്നു. സംശയാസ്പദമായ ഇത്തരം മരണങ്ങൾ സമാന സ്വഭാവത്തിൽ ഉണ്ടാകുന്നതും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഇതോടെയാണ്, പ്രാഥമികാന്വേഷണം നടത്താൻ ബാലാവകാശ കമ്മീഷനോട് കോടതി നിർദേശിച്ചത്.
എന്നാൽ 2010 മുതൽ 2023 വരെയുള്ള കാലത്ത് കുട്ടികൾ മരിച്ചത് തമ്മിൽ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഘടകമുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ഹരജിക്കാരോട് ചോദിച്ചു. ഒറ്റപ്പെട്ട സംഭവങ്ങൾ ആവാം, പരസ്പരം ബന്ധം ഇല്ലാത്തതാകാം, എന്ത് സാഹചര്യത്തിലാണ് ദുരൂഹതയുണ്ട് എന്ന് ആരോപിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളും ഡിവിഷൻ ബെഞ്ച് ഉന്നയിച്ചു.
മൃതദേഹങ്ങളിൽ പലതും, ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ നിലയിലാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. പക്ഷേ, അന്വേഷണം മുന്നോട്ടുപോകാതെ മരണങ്ങൾ ആത്മഹത്യ എന്നാണ് കണ്ടെത്തൽ. ഇത്തരം കാര്യങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും, പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.