സതീശനെ ഉന്നമിട്ട് എ,ഐ ഗ്രൂപ്പുകള്‍: തിരുവനന്തപുരത്ത് സംയുക്ത യോഗം ചേര്‍ന്നു

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് എ,ഐ ഗ്രൂപ്പുകള്‍

Update: 2023-06-09 14:50 GMT
Editor : ijas | By : Web Desk

തിരുവനന്തപുരം: ഇടഞ്ഞ് നിൽക്കുന്ന എ.ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കാൻ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചർച്ച സമവായമാകാതെ പിരിഞ്ഞു. രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനുമാണ് കൂടിക്കാഴ്ച നടത്തിയത്.എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നേതൃത്വത്തിന് പരാതി നൽകാൻ തീരുമാനിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് എ,ഐ ഗ്രൂപ്പുകള്‍. തിരുവനന്തപുരത്ത് സംയുക്ത യോഗം ചേര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍ പ്രതിപക്ഷ നേതാവിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷനെ നേരില്‍ കണ്ട് പരാതി നല്‍കാന്‍ തീരുമാനിച്ചു. ഇതിനിടയില്‍ കെ സുധാകരന്‍ സമവായത്തിന് നീക്കം തുടങ്ങി.

Advertising
Advertising

കെ.പി.സി.സി അധ്യക്ഷനെ ശത്രു പക്ഷത്ത് നിന്ന് ഒഴിവാക്കി വി.ഡി സതീശനെ ഉന്നമിട്ടാണ് ഗ്രൂപ്പുകളുടെ നീക്കം. എം.എം ഹസനും രമേശ് ചെന്നിത്തലയും കെ.സി ജോസഫും അടങ്ങുന്ന എ,ഐ ഗ്രൂപ്പുകളുടെ പ്രമുഖ നേതാക്കളെല്ലാം മസ്കത്ത് ഹോട്ടലില്‍ നടന്ന സംയുക്ത യോഗത്തിനെത്തി. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനൊപ്പം നിലയുറപ്പിച്ച എം.കെ രാഘവന്‍ എം.പിയും യോഗത്തിന് എത്തിയതോടെ അത് സതീശന്‍ വിരുദ്ധ കുറുമുന്നണി നേതൃയോഗമായി മാറി. യോഗത്തില്‍ വി.ഡി സതീശന്‍ നടത്തുന്ന ഏകപക്ഷീയമായ നീക്കങ്ങളെ ചെറുക്കാന്‍ ധാരണയായി. പുനസംഘടനയില്‍ ആവശ്യമായ ചര്‍ച്ച നടത്താന്‍ തയ്യാറാകാതിരുന്നത് വി.ഡി സതീശനാണെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തല്‍. ഡല്‍ഹിയിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗയെ കണ്ട് പരാതികള്‍ എണ്ണിയെണ്ണി ബോധിപ്പിക്കാനാണ് തീരുമാനം.

പുനസംഘടനയില്‍ മതിയായ ചര്‍ച്ച നടത്തിയിട്ടില്ലെന്ന പരാതി കള്ളമാണെന്നായിരുന്നു സംയുക്ത ഗ്രൂപ്പ് യോഗത്തിനുള്ള കെ സുധാകരന്‍റെ മറുപടി. പ്രതിപക്ഷ നേതാവ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളൊന്നടങ്കം പട നയിക്കാനെത്തിയതോടെ എം.എം ഹസനും രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും കെ.പി.സി.സി അധ്യക്ഷന്‍ തുടങ്ങി. പോരില്‍ സോളാര്‍ ഉയര്‍ത്തി ഉമ്മന്‍ചാണ്ടിയുടെ പേര് കൂടി എ ഗ്രൂപ്പ് ഉപയോഗിക്കുന്നതിനെ നേതൃത്വം ചോദ്യം ചെയ്യുന്നു. ഗ്രൂപ്പുകള്‍ പരാതിയുമായി ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചതോടെ ഹൈക്കമാന്‍ഡ് ഇടപെടല്‍ അനിവാര്യമായി മാറിയിരിക്കുകയാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News