'ഫലസ്തീൻ ഐക്യദാർഢ്യ സദസിൽ പങ്കെടുത്തതിൻ്റെ പേരിൽ സംഘപരിവാര്‍ സൈബര്‍ ആക്രമണം'; കുടുംബത്തെ നശിപ്പിക്കുമെന്നും ഭീഷണിയെന്ന് എഴുത്തുകാരൻ ആദി

വ്യക്തിപരമായ സുരക്ഷയ്ക്കും എന്റെ കുടുംബത്തിന്റെ സ്വകാര്യതയ്ക്കും നേരിട്ടുള്ള ഭീഷണിയായി ഈ സൈബർ അക്രമങ്ങൾ മാറിയിരിക്കുകയാണ്

Update: 2025-11-11 02:58 GMT

ആദി Photo| Facebook

കൊച്ചി: ഫലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ പങ്കെടുത്തതിൻ്റെ ഭാഗമായി സംഘപരിവാർ വർഗീയവാദികളുടെ പ്രൊഫൈലുകളിൽ നിന്നും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതായി കവിയും എഴുത്തുകാരനുമായ ആദി. ഇപ്പോൾ തന്‍റെ വ്യക്തിപരമായ സുരക്ഷയ്ക്കും കുടുംബത്തിന്റെ സ്വകാര്യതയ്ക്കും നേരിട്ടുള്ള ഭീഷണിയായി ഈ സൈബർ അക്രമങ്ങൾ മാറിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, ഒക്ടോബർ രണ്ടിന് എറണാകുളം വഞ്ചി സ്ക്വയറിൽ വെച്ച് നടന്ന ചിന്ത രവി ഫൗണ്ടേഷൻ സംഘടിപ്പിച്ച The Names of Gaza ഗസ്സയുടെ പേരുകൾ എന്ന ഫലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ പങ്കെടുത്തതിൻ്റെ ഭാഗമായി സംഘപരിവാർ വർഗീയവാദികളുടെ പ്രൊഫൈലുകളിൽ നിന്നും വലിയ തോതിലുള്ള സൈബർ അക്രമം എനിക്ക് നേരിടേണ്ടിവന്നിരുന്നു. എന്‍റെ പോസ്റ്റുകൾക്ക് കീഴിലുള്ള ചില വിദ്വേഷകരമായ കമന്‍റുകളായും ഇൻബോക്സുകൾ വരെ നീളുന്ന തെറിവിളികളായുമാണിത് ആരംഭിച്ചത്.

Advertising
Advertising

ഇപ്പോൾ എന്റെ വ്യക്തിപരമായ സുരക്ഷയ്ക്കും എന്റെ കുടുംബത്തിന്റെ സ്വകാര്യതയ്ക്കും നേരിട്ടുള്ള ഭീഷണിയായി ഈ സൈബർ അക്രമങ്ങൾ മാറിയിരിക്കുകയാണ്. ഇന്ന് ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നും എന്‍റെ കുടുംബത്തിന്‍റെ ഫോട്ടോകൾ സംഘ് സർക്കിളുകളിൽ പങ്കിടുമെന്നും എന്റെ കുടുംബത്തെ നശിപ്പിക്കുമെന്നും പറഞ്ഞുകൊണ്ട് ഒരു ഭീഷണി സന്ദേശം എനിക്ക് ലഭിക്കുകയുണ്ടായി.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമായും നിസ്സാരമായി കാണേണ്ട ഒന്നായും ഞാൻ കരുതുന്നില്ല. ഈ രാജ്യത്ത് വിദ്വേഷവും അക്രമങ്ങളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടിട്ടുള്ള നമുക്ക് ഈ ഭീഷണികളുടെ പ്രത്യാഘാതങ്ങൾ കൃത്യമായി അറിയാം. ഈ പ്രൊഫൈലുകൾക്ക് പിന്നിൽ പലപ്പോഴും സംഘടിത വിദ്വേഷ ശൃംഖലകളുണ്ട്. അപര വെറുപ്പിൻ്റെയും ഹിംസയുടെയും പ്രത്യയശാസ്ത്രത്തിലൂടെ ബന്ധപ്പെട്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ ഏകോപിതരായ ഇക്കൂട്ടങ്ങളുടെ അക്രമം ഓൺലൈനിൽ നിന്ന് പുറത്തേക്ക് വ്യാപിപ്പിക്കാൻ അധിക നേരം പോലുമെടുക്കില്ല. ഒരാളെ ദേശ വിരുദ്ധൻ, അർബൻ നക്സൽ, ജിഹാദി അനുഭാവി, ഹിന്ദു വിരുദ്ധൻ എന്നൊക്കെ മുദ്രകുത്തുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾ കണ്ടിട്ടുണ്ട്. ഓൺലൈൻ ഭീഷണികൾക്കും ഓഫ്‌ലൈൻ ഉപദ്രവങ്ങൾക്കും ഇടയിലുള്ള രേഖ ഭയാനകമാംവിധം നേർത്തതാണ്.

അതുകൊണ്ട് ഈ കൂട്ടം എന്നെയും എന്‍റെ കുടുംബത്തെയും ഉപദ്രവിക്കുമെന്ന് വ്യക്തമായി ഭീഷണിപ്പെടുത്തുമ്പോൾ ഞാനത് ഗൗരവമായി എടുക്കുകയും നിയമപരമായി ഈ ഭീഷണിയെ നേരിടുകയുമാണ്. ഭീഷണികളിലൂടെയും ഭയത്തിലൂടെയും ശബ്ദങ്ങളെ നിശബ്ദമാക്കുന്നത് സത്യത്തെ ഇല്ലാതാക്കില്ല.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News