ആറളം കാട്ടാന ആക്രമണം; നാട്ടുകാർ പ്രതിഷേധത്തിൽ
ഇന്നലെയാണ് കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ വെള്ളി (70), ലീല (68) ദമ്പതികൾ കൊല്ലപ്പെട്ടത്
കണ്ണൂർ: കണ്ണൂർ ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ സ്ഥലത്തെത്തിയ സിപിഎം നേതാക്കളെ നാട്ടുകാർ തടഞ്ഞു. എംവി ജയരാജനെയും എം പ്രകാശനെയുമാണ് തടഞ്ഞുവെച്ചത്.
ഇന്നലെയാണ് കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ വെള്ളി (70), ലീല (68) ദമ്പതികൾ കൊല്ലപ്പെട്ടത്. ആറളം ഫാമില്‍ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു ഇരുവരും.ആറളം ആദിവാസി പുനരധിവാസ മേഖലയിലെ 13-ാം ബ്ലോക്കിലായിരുന്നു സംഭവം. ഇന്നലെ രാവിലെയായിരുന്നു ദമ്പതികള്‍ കശുവണ്ടി ശേഖരിക്കുന്നതിനായി പതിമൂന്നാം ബ്ലോക്കിലെ ഇവരുടെ ഭൂമിയിലേക്ക് പോയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
അതേസമയം, ആക്രമണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ഇതിന് പരിഹാരം കാണാമെന്ന് ആവശ്യപ്പെട്ട് റോഡുകളും ആംബുലൻസും നേതാക്കളെയും തടഞ്ഞ് നാട്ടുകാർ പ്രതിഷേധം നടത്തുന്നു. മന്ത്രിയോ കളക്ടറോ നേരിട്ട് വന്ന് പ്രശ്നങ്ങൾ കേൾക്കാതെ പിരിഞ്ഞ് പോവില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം കൊണ്ട് വന്ന മൃതദേഹങ്ങളാണ് നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുന്നത്.