'നീതി നിഷേധത്തിനിടയിലെ സന്തോഷം'; കർണാടക സർക്കാരിന്റെ ഇടപെടലിൽ മഅ്ദനി

'ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള നീതി നിഷേധിക്കപ്പെട്ടവര്‍ക്കെല്ലാം നീതി ലഭിക്കുന്നതുവരെ പൂർണ സന്തോഷമില്ല.'

Update: 2023-06-25 13:58 GMT
Editor : Shaheer | By : Web Desk

Abdul Nasir Maudany

Advertising

ബംഗളൂരു: കേരളത്തിലെത്താൻ വഴിതെളിഞ്ഞതിൽ സന്തോഷം രേഖപ്പെടുത്തി അബ്ദുന്നാസർ മഅ്ദനി. നാട്ടിലേക്ക് വരാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് മഅ്ദനി 'മീഡിയവണി'നോട് പ്രതികരിച്ചു. എന്നാൽ, നീതി നിഷേധിക്കപ്പെടുന്നവർക്കെല്ലാം നീതി ലഭിക്കുന്നതുവരെ പൂർണസന്തോഷമില്ലെന്നും അദ്ദേഹം പറഞ്ഞു.

നീതിനിഷേധത്തിനിടയിലെ സന്തോഷമാണിത്. നാട്ടിലേക്ക് വരാനാകുന്നതിൽ സന്തോഷമുണ്ട്. എന്നാൽ, ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള നീതി നിഷേധിക്കപ്പെട്ടവര്‍ക്കെല്ലാം നീതി ലഭിക്കുന്നതുവരെ പൂർണ സന്തോഷമില്ല. എല്ലാവർക്കും നീതി പുലരുന്ന കാലത്തിനുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലേക്ക് വരാനുള്ള നിബന്ധനകളിൽ കർണാടകയില കോൺഗ്രസ് സർക്കാർ ഇളവ് വരുത്തിയതിനെത്തുടർന്നാണ് മഅ്ദനി എത്തുന്നത്. പിതാവിനെ കാണാൻ സുപ്രിംകോടതി രണ്ടര മാസം അനുമതി നൽകിയിരുന്നെങ്കിലും കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ കർശന നിബന്ധനകളേർപ്പെടുത്തിയതിനാൽ മഅ്ദനി യാത്ര റദ്ദാക്കിയിരുന്നു. സുരക്ഷാജീവനക്കാരുടെ എണ്ണം അടക്കം കുറച്ച് നിബന്ധനകളിൽ ഇളവ് വരുത്തിയത്തോടെയാണ് നാട്ടിലേക്ക് വരാൻ അദ്ദേഹം തീരുമാനിച്ചത്. ബി.ജെ.പി സർക്കാർ നിയോഗിച്ച 20 സുരക്ഷാജീവനക്കാർ എന്ന നിബന്ധന 12 ആക്കിക്കുറച്ചു. ഇതോടെ കെട്ടിവയ്ക്കണമെന്ന് അറിയിച്ച തുകയിലും ഇളവ് വരും.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇളവുകൾ ലഭിച്ചത്. അസുഖബാധിതനായ പിതാവിനെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് നാട്ടിലെത്തുന്നതെന്ന് മഅ്ദനി പറഞ്ഞു.

ബംഗളൂരു സ്‌ഫോടനക്കേസിൽ കുറ്റാരോപിതനായ മഅ്ദനിക്ക് കേരളത്തിൽ പോയി പിതാവിനെ കാണാനും ചികിത്സയ്ക്കുമായി 84 ദിവസമാണ് സുപ്രിംകോടതി അനുവദിച്ചിരുന്നത്. ഇനി 12 ദിവസമാണ് ബാക്കിയുള്ളത്. നാളെ വൈകീട്ട് വിമാനമാർഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. അവിടെനിന്ന് റോഡ്മാർഗമാകും കൊല്ലം അൻവാർശേരിയിലേക്ക് തിരിക്കുക.

Summary: 'Happiness in the midst of injustice'; Abdul Nasir Maudany on Karnataka Government's intervention in Kerala travel

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News