കേരളത്തിൽ തുടരാൻ അനുവദിക്കണം, സ്ഥാനമില്ലെങ്കിലും പ്രവർത്തിക്കും; ദേശീയ സെക്രട്ടറിയായി നിയമിച്ചതിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി
പാർട്ടിയെ തിരുത്താൻ ആളല്ല താനെന്നും അബിൻ വർക്കി
കോഴിക്കോട്: യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചതിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി. കേരളത്തിൽ തന്നെ തുടരാൻ അനുവദിക്കണം. നിലവിലെ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നും സ്ഥാനമില്ലെങ്കിലും പ്രവർത്തിക്കുമെന്നും അബിൻ വർക്കി പറഞ്ഞു.
പാർട്ടിയെ തിരുത്താനുള്ള ആളല്ല താൻ. കാലങ്ങളായി യൂത്ത് കോൺ്ഗ്രസിൽ പ്രവർത്തിച്ചുവരുന്നു. പാർട്ടി പറഞ്ഞതെല്ലാം ചെയ്തു. പാർട്ടി തീരുമാനത്തെ മറിച്ച് പറയില്ല. എന്നാൽ, കേരളത്തിൽ തുടരാനുള്ള അവസരം തരണമെന്ന് നേതൃത്വത്തോട് അഭ്യർഥിക്കുമെന്നും അബിൻ വർക്കി കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് താൻ കെഎസ് യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ചുമതലകളിൽ എത്തിയതെന്ന് അബിൻ വർക്കി പറഞ്ഞു. സംഘടന തെരഞ്ഞെടുപ്പുകളിലൂടെയല്ലാതെ എത്തിയ പുതിയ നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പ് കൂടി അബിന്റെ വാക്കുകളിലുണ്ട്. ദേശിയ സെക്രട്ടറിയായി നിയമിക്കുന്നതോടെ പ്രവർത്തന മേഖല കേരളത്തിന് പുറത്തേക്ക് മാറ്റേണ്ടി വരും. മാസങ്ങൾക്ക് ശേഷം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വാഭാവികമായും തനിക്ക് കിട്ടിയേക്കാവുന്ന പരിഗണന അതോടെ ഇല്ലാതാവുമെന്നും അബിൻ കരുതുന്നുണ്ട്. യൂത്ത് കോൺഗ്രസ് ക്വാട്ടയിലേക്ക് ആളുകളെ പരിഗണിക്കുമ്പോൾ നിലവിൽ സംസ്ഥാന നേതൃത്വത്തിലുള്ളവരെയാണ് പരിഗണിക്കുക. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ആക്കിയ തീരുമാനം അബിൻ വർക്കി തള്ളുമ്പോഴും നേതൃത്വത്തോട് ഏറ്റുമുട്ടാതെയുള്ള തന്ത്രപരമായ നീക്കം ആണ് ഐ ഗ്രൂപ്പ് നടത്തുന്നത്. അതൃപ്തി പരസ്യമാക്കുമ്പോഴും നേതൃത്വത്തെ വെല്ലുവിളിക്കുന്നില്ല. കേരളത്തിൽ തന്നെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയിലൂടെ നിയമസഭാ സീറ്റിൽ കൂടി കണ്ണു വെക്കുകയാണ് ആബിൻ വർക്കിയും ചെയ്യുന്നത്.
പുതിയ അധ്യക്ഷൻ ആരാകണമെന്നതിൽ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും പരസ്യ നിലപാട് എടുത്തിരുന്നു. അബിൻ വർക്കിയെ പദവിയിലേക്ക് എത്തിക്കാനായി സ്വാഭാവിക നീതി എന്ന ആയുധവും പുറത്തെടുത്തു. പക്ഷേ, കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നില്ലെന്ന് മാത്രമല്ല അബിനെ സംസ്ഥാനത്തു നിന്നു തന്നെ മാറ്റിനിർത്തുന്നതിലേക്ക് കാര്യങ്ങൾ നീങ്ങി.
ഇതോടെയാണ് കരുതലോടെ അതൃപ്തി പരസ്യമാക്കാനുള്ള തീരുമാനം അബിൻ വർക്കിയും ഐ ഗ്രൂപ്പും എടുത്തത്. കേരളത്തിൽ നിൽക്കാൻ അനുവദിക്കണം എന്ന ആവശ്യത്തിലൂടെ ദേശീയ സെക്രട്ടറി പദവി ഏറ്റെടുക്കാൻ ഇല്ലെന്ന പരോക്ഷ സന്ദേശം കൂടിയാണ് അബിൻ വർക്കി നൽകിയത്. അപ്പോഴും നേതൃത്വത്തെ വെല്ലുവിളിക്കാതെയുള്ള കരുതൽ ഐ ഗ്രൂപ്പ് കാട്ടുന്നുണ്ട്. ഇപ്പോഴത്തെ പ്രതികരണത്തിലൂടെ ഒരു സീറ്റിനുള്ള തന്റെ അവകാശവാദം നേതൃത്വത്തിന് മുന്നിൽ വെക്കാനും അബിന് കഴിഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്‌നങ്ങൾ വഷളാക്കാൻ ഐ ഗ്രൂപ്പ് ആഗ്രഹിക്കുന്നില്ല. അങ്ങനെ വന്നാൽ പാർട്ടിക്കുള്ളിൽ നിന്നുള്ള പിന്തുണ നഷ്ടമാകുമെന്നും ഐ ഗ്രൂപ്പ് തിരിച്ചറിയുന്നുണ്ട്. മുമ്പ് ഐ വിഭാഗത്തിന് ഒപ്പമായിരുന്ന ഒ.ജെ ജനീഷിനെ പ്രസിഡന്റ് ആക്കിയതും ഗ്രൂപ്പിന് തിരിച്ചടിയായി. കെ.സി വേണുഗോപാൽ പക്ഷം കേരളത്തിൽ പിടിമുറുക്കുന്നതിന്റെ പ്രകടമായ ഉദാഹരണമായും ഐ ഗ്രൂപ്പ് ഇതിനെ കാണുന്നു. അതിനാൽ തന്നെ സമുദായിക സമവാക്യത്തിന്റെ പേര് പറഞ്ഞ് രാഹുൽ ഗാന്ധി നടപ്പിലാക്കിയ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടുവെന്ന നിലപാടും ഐ ഗ്രൂപ്പ് ഉയർത്തുന്നുണ്ട്. എന്നാൽ, മുമ്പ് ടി.സിദീഖിനായി ഉമ്മൻചാണ്ടി നടത്തിയത് പോലുള്ള പോരാട്ടം നടത്താനുള്ള കരുത്തൊന്നും ഐ ഗ്രൂപ്പിന് നിലവിൽ ഇല്ല. മാത്രമല്ല, പുറത്തുവന്ന തീരുമാനത്തിൽ ഒരു മാറ്റവും ഐ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നില്ല. അതും കടുത്ത നിലപാട് എടുക്കുന്നതിൽ നിന്നും ഐ ഗ്രൂപ്പിനെ പിന്നോട്ട് വലിക്കുന്നുണ്ട്.