'മകനും പെട്ടു, മോനും മോളും അച്ഛനും ചേർന്ന തിരുട്ട് ഫാമിലിയാണ് അവർ'; പിണറായിക്കെതിരെ അബിൻ വർക്കി
2023ലാണ് പിണറായിയുടെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചത്
കോഴിക്കോട്: ഇഡി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെ രക്ഷിക്കാൻ വേണ്ടിയാണ് സിപിഎം- ബിജെപി ഒത്തുകളിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. പൊലീസിനെക്കൊണ്ട് അക്രമം അഴിച്ചുവിട്ടതും അമിത് ഷായെ കണ്ട് കാലിൽ വീണതും മകനെ രക്ഷിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
''വെറുതെ ആണോ പോലീസിനെ കൊണ്ട് അക്രമം അഴിച്ചു വിട്ടത്..വെറുതെ ആണോ അമിത് ഷായെ കണ്ട് കാലിൽ വീണത്.. വെറുതെയാണോ ബി ജെ പി ക്ക് മുന്നിൽ ഒരു പാർട്ടി സർവ്വതും അടിയറവ് വച്ച് നിൽക്കുന്നത്.കാരണം..മകനും പെട്ടു...മോനും മോളും അച്ഛനും ചേർന്ന തിരുട്ട് ഫാമിലിയാണ് അവർ''- അബിൻ ഫേസ്ബുക്കിൽ കുറിച്ചു
2023ലാണ് പിണറായിയുടെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡി കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ്. എന്നാൽ വിവേക് കിരൺ ഹാജരായില്ല. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു സമൻസ് എന്നാണ് സൂചന.
വിവേക് ഹാജരാകാതിരുന്നിട്ടും പിന്നീട് തുടർനടപടികൾ ഉണ്ടായില്ല. അന്ന് രാത്രി ഇതേ ഓഫീസിലാണ് മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.