‘നല്ല കാര്യം ചെയ്യാൻ പോവുകയാണ് ’ അത് എന്താണെന്ന് ചോദിക്കരുത്'; നടിയെ ആക്രമിച്ച ദിവസം പൾസര്‍ സുനി വിളിച്ചതായി ശ്രീലക്ഷ്മി

പ്രസക്തിയില്ലാത്തതിനാൽ സാക്ഷ്യപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നും വിശദീകരണം

Update: 2025-12-15 10:00 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: നടിയെ ആക്രമിച്ച ദിവസം ഒന്നാം പ്രതി പള്‍സര്‍ സുനിയെ നിരന്തരം വിളിച്ച ശ്രീലക്ഷ്മിയെക്കുറിച്ച് അന്വേഷിച്ചുവെന്ന് പ്രോസിക്യൂഷൻ. മൊഴിയും രേഖപ്പെടുത്തി. പ്രസക്തിയില്ലാത്തതിനാൽ സാക്ഷ്യപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നും വിശദീകരണം.

ശ്രീലക്ഷ്മി സുഹൃത്തുമായി സംസാരിക്കുന്ന ഓഡിയോയാണ് പൊലീസ് സമർപ്പിച്ചത്. നടിയെ ആക്രമിച്ച ദിവസം സുനി ആലുവയിൽ നിന്ന് വിളിച്ചു. ‘നല്ല കാര്യം ചെയ്യാൻ പോവുകയാണ് എന്ന്‌ പറഞ്ഞു, അത് എന്താണെന്ന് ചോദിക്കരുതെന്നും പറഞ്ഞു. ശ്രീലക്ഷ്മിയുടെ മൊഴിയുടെ പകർപ്പും ഫോൺ സംഭാഷണവും മീഡിയവണിന് ലഭിച്ചു. കോടതിയിലും അന്വേഷണസംഘം ഫോൺ സംഭാഷണം സമർപ്പിച്ചിരുന്നു.

Advertising
Advertising

ശ്രീലക്ഷ്മിയെ കുറിച്ചുളള അന്വേഷണത്തില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്ന് കോടതി വിമര്‍ശിച്ചിരുന്നു. ഈ സ്ത്രീയെ ചോദ്യ ചെയ്യുകയോ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തില്ലെന്നാണ് വിമര്‍ശനം.

ക്വട്ടേഷന്‍ കൊടുത്തുവെന്ന് പള്‍സര്‍ പറഞ്ഞ മാഡം എന്നയാള്‍ ഉണ്ടോ എന്ന കാര്യത്തിലും പ്രോസിക്യൂഷന് ഉത്തരം നല്‍കാനായില്ലെന്നും കോടതി വിമര്‍ശിക്കുന്നു. സ്വകാര്യത മാനിച്ചാണ് ഇവ ഹാജരാക്കാത്തതെന്നാണ് പ്രോസിക്യൂഷൻ വിശദീകരണമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

ആരാണ് ശ്രീലക്ഷ്മി, ഇവര്‍ക്ക് ഈ കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ, പള്‍സര്‍ സുനി പറയുന്ന മാഡം എന്നയാള്‍ ഉണ്ടോ എന്ന കാര്യത്തിലടക്കം അന്വേഷണം നടത്തി അത് തെളിവ് സഹിതം ബോധ്യപ്പെടുത്താനായില്ലെന്നതാണ് കോടതി നിരീക്ഷണം. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താതെ ഗൂഢാലോചന ആരോപിക്കുകയും അത് തെളിയിക്കാനാകാത്തതുമാണ് പ്രോസിക്യൂഷന്‍ വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടുന്നത്.

ദിലീപടക്കമുള്ള പ്രതികൾക്കെതിരായ ആരോപണങ്ങൾക്കപ്പുറത്ത് വിശ്വാസ യോഗ്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് വിമർശനം. നടിയെ ആക്രമിച്ച കേസിൽ ആറു പ്രതികളെ ശിക്ഷിക്കുകയും നടൻ ദിലീപടക്കം നാലുപേരെ വെറുതെവിടുകയും ചെയ്ത വിധിന്യായത്തിലാണ് കോടതി പ്രോസിക്യൂഷൻ വീഴ്ചകൾ വിശദീകരിക്കുന്നത്. സംഭവ ദിവസം വൈകിട്ടും കൃത്യം നടക്കുന്ന സമയത്തോടടുത്തും ശ്രീലക്ഷ്മി സുനിയെ വിളിച്ചത് ആറ് തവണയാണ്. ഏഴ് മെസേജുകളും അയച്ചു.

എന്നാല്‍ ഈ സ്ത്രീക്ക് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നോ എന്ന കാര്യത്തില്‍ പോലും പ്രോസിക്യൂഷന് കൃത്യമായ വിശദീകരണം നല്‍കിയില്ല. ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദ്യം ഉന്നയിച്ചു. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ക്കപ്പുറം വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷ് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News