'നടൻ സുരേഷ് ഗോപി കേരളത്തിന്‌ അപമാനം'; മാധ്യമപ്രവർത്തകർക്ക് നീതി ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധം

മാധ്യമ പ്രവർത്തകയോട് അപമാര്യാദയായി പെരുമാറിയതിന് ഐപിസി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു

Update: 2023-11-15 12:35 GMT
Advertising

കോഴിക്കോട്: ബി.ജെ.പി നേതാവും നടനുമായ 'സുരേഷ് ഗോപി കേരളത്തിന്‌ അപമാനം' എന്ന മുദ്രാവാക്യം ഉയർത്തി മാധ്യമപ്രവർത്തകർക്ക് നീതി ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

മീഡിയവൺ സ്പെഷ്യൽ കറസ്പോൺഡന്റ് ഷിദ ജഗതിനോട് അപമാര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. വലിയ ആരവത്തോടെയാണ് ബി.ജെ.പി പ്രവർത്തകർ സുരേഷ് ഗോപിയെ നടക്കാവ് സ്റ്റേഷന് മുന്നിൽ വരവേറ്റത്. ഇതിന് പിന്നാലെയാണ് പ്രതിഷേധ കൂട്ടായ്മയുമായി ഡി.വൈ.എഫ്.ഐ രംഗത്തു വന്നത്. വീരകൃത്യം ചെയ്തിട്ടല്ല സുരേഷ് ഗോപി സ്റ്റേഷനിൽ വന്നതെന്നും കേസിൽ മൊഴി നൽകാനെത്തിയ പ്രതിയെ ബി.ജെ.പി ഇത്തരത്തിൽ വീരപരിവേഷം നൽകി അവതരിപ്പിക്കുന്നതിന് എതിരെയുമാണ് പ്രതിഷേധമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. 

ബിജെപിയെ നിലക്ക് നിർത്താൻ ഡി.വൈ.എഫ്.ഐക്ക് അറിയാം. സുരേഷ് ഗോപിയെ അല്ല അമിത് ഷായെ നിലക്ക് നിർത്തും. പരാതിക്കാരിക്ക് ഡി.വൈ.എഫ്.ഐ പിന്തുണ നൽകുമെന്നും സംസ്ഥാന പ്രസിഡന്‍റ് വി.വസീഫ് പറഞ്ഞു. കെ.സുരേന്ദ്രന് എതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്നും കെ.സുരേന്ദ്രൻ സംഘർഷ സാധ്യത ഉണ്ടാക്കിയെന്നും ഡി.വൈ.എഫ്.ഐ.

കേസിൽ ഇന്ന് സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് പൂർത്തിയായത്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പ്രത്യേക മുറിയിലായിരുന്നു ചോദ്യം ചെയ്യൽ.


മാധ്യമ പ്രവർത്തകയോട് അപമാര്യാദയായി പെരുമാറിയതിന് ഐപിസി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. ഒക്ടോബർ 27-ാം തിയതിയാണ് കേസി‌നാസ്പദമായ സംഭവം നടന്നത്.

കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.


ഇതിനു പിന്നാലെ താരം മാപ്പ് ചോദിച്ച് രംഗത്തെത്തുകയും ചെയ്തു. പെരുമാറിയത് വാത്സല്യത്തോടെയാണെന്നും മോശമായി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ താരത്തിനെതിരെ കേസെടുത്തിരുന്നു. 354A വകുപ്പ് പ്രകാരം നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോട് കൂടിയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News