ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്: അഭിഭാഷകർ ഇന്ന് പ്രതിഷേധിക്കും

ഉച്ചയ്ക്ക് 1.10ന് ഹൈക്കോടതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും.

Update: 2022-02-22 00:50 GMT
Advertising

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദിലീപിന്‍റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതിൽ ഇന്ന് ഹൈക്കോടതിയിൽ പ്രതിഷേധം. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഉച്ചയ്ക്ക് 1.10ന് ഹൈക്കോടതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും.

പ്രതികള്‍ ജയിലില്‍ കഴിയുന്ന കാലത്ത് തടവില്‍ കഴിഞ്ഞിരുന്ന ജിന്‍സന്‍, നാസര്‍ എന്നിവരെ സ്വാധീനിക്കാന്‍ രാമന്‍പിള്ള ശ്രമിച്ചെന്ന ജിന്‍സന്റെ പരാതിയിലാണ് നോട്ടീസ്. നടിയെ ആക്രമിച്ചത് വാര്‍ത്ത ആയപ്പോള്‍ പള്‍സര്‍ സുനി ദിലീപിന്‍റെ തലയില്‍ കേസ് കെട്ടിവെച്ചതാണെന്നും ദിലീപിനെതിരെ കത്തെഴുതുന്നത് കണ്ടെന്നും പറയണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെന്നാണ് പരാതി. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി അയച്ച നോട്ടീസിന് അഡ്വ.ബി രാമന്‍പിള്ള മറുപടി നല്‍കി.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജിയിൽ ഇന്നും വാദം തുടരും. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യംചെയ്യും. സഹോദരീ ഭർത്താവ് സുരാജിനെ ഇന്നലെ ചോദ്യംചെയ്തു വിട്ടയച്ചിരുന്നു. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. കേസിൽ ദിലീപ് ഉൾപ്പെടെയുള്ള മറ്റ് പ്രതികൾക്ക് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയയ്ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News