‘കാന്തപുരത്തിന്റെ കേരള ജമാഅത്തെ’; കേരള മുസ്‍ലിം ജമാഅത്തിനെ കേരള ജമാഅത്തെ എന്ന് വിശേഷിപ്പിച്ച് എ.കെ ബാലനും ദേശാഭിമാനിയും

മാറാട് സംഭവം മേലിൽ ആവർത്തിക്കാൻ പാടില്ലെന്ന ഒരു പൊതുപ്രവർത്തകന്റെ ആശങ്കയും മുന്നറിയിപ്പും ഒരിക്കലും മതസൗഹാർദത്തെ ഹനിക്കാനല്ല, മറിച്ച് മേലിൽ ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണെന്നും ബാലൻ അവകാശപ്പെടുന്നു.

Update: 2026-01-24 06:49 GMT

തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരള മുസ്‍ലിം ജമാഅത്തിനെ ‘കേരള ജമാഅത്തെ‘ എന്ന് വിശേഷിപ്പിച്ച് മുൻമന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലനും ദേശാഭിമാനിയും. ‘മാരീചന്മാരെ തിരിച്ചറിയുക‘ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എ.കെ ബാലൻ തെറ്റ് ആവർത്തിച്ചത്. ‘കേരള ജമാഅത്തെ‘യുടെ നേതൃത്വത്തിൽ എ.പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ സംസ്ഥാന പ്രചാരണജാഥയുടെ സമാപനം ജനുവരി 16ന് തിരുവനന്തപുരത്ത് നടന്നെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്ഘാടനം ചെയ്തതെന്നും പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്.

Advertising
Advertising

‘പ്രതിപക്ഷനേതാവും സമ്മേളനത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 10 വർഷം കേരളത്തിൽ വർഗീയലഹളയുടെ ഒരു ലക്ഷണവും ഉണ്ടാകാതിരുന്നത് എൽഡിഎഫ് സർക്കാരിന്റെ നിലപാട് മൂലമാണെന്നും വർഗീയശക്തികളുടെ സ്വാധീനം ഇല്ലാതായി എന്നല്ല ഇതിനർഥമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാറാട് സംഭവങ്ങളും തലശേരി കലാപവും ഓർമപ്പെടുത്തി. പ്രതിപക്ഷനേതാവിന് ഇത് തീരെ ഇഷ്ടപ്പെട്ടില്ല. പിന്നീട് അദ്ദേഹം നടത്തിയ പ്രസംഗം ഉറഞ്ഞുതുള്ളലായിരുന്നു. മുഖ്യമന്ത്രിയെ മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ചു. മതനിരപേക്ഷതയ്‌ക്കെതിരായി വർഗീയധ്രുവീകരണം ഉണ്ടാക്കാൻ മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്നു എന്ന സന്ദേശം ഈ ഉറഞ്ഞുതുള്ളലിൽ പ്രകടമായിരുന്നു‘- ബാലൻ ലേഖനത്തിൽ ആരോപിക്കുന്നു. 


യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമിയെ എതിർത്ത കെ.എം ഷാജി അവരോടുള്ള സമീപനം മാറ്റിയെന്നാണ് ഇപ്പോൾ പറയുന്നതെന്ന് പറഞ്ഞ എ.കെ ബാലൻ, തന്റെ വിവാദ മാറാട് പരാമർശത്തെ ലേഖനത്തിൽ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. ‘വർഗീയവാദികളെ കൂട്ടുപിടിച്ച് ആര് അധികാരത്തിൽ വന്നാലും അവർ ആ ഭരണത്തെ സ്വാധീനിക്കും. ഗവൺമെന്റിനെ പൊതുവിൽ സ്വാധീനിക്കും. ആഭ്യന്തര ഭരണത്തിൽ ഇടപെടും. അത് മാറാടുപോലുള്ള സംഭവങ്ങൾക്ക് വഴിയൊരുക്കും’- എന്നാണ് താൻ പറഞ്ഞതന്നാണ് എ.കെ ബാലന്റെ വാദം. ഇതിന് തെറ്റായ വ്യാഖ്യാനം നൽകി വർഗീയവിഷം ചീറ്റുന്ന പ്രയോഗങ്ങളാണ് പിന്നീട് പ്രതിപക്ഷനേതാവും ചുരുക്കം ചില യുഡിഎഫ് നേതാക്കളും നടത്തിയതെന്നും ബാലൻ ആരോപിക്കുന്നു.

മാറാട് സംഭവം മേലിൽ ആവർത്തിക്കാൻ പാടില്ലെന്ന ഒരു പൊതുപ്രവർത്തകന്റെ ആശങ്കയും മുന്നറിയിപ്പും ഒരിക്കലും മതസൗഹാർദത്തെ ഹനിക്കാനല്ല, മറിച്ച് മേലിൽ ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണെന്നും ബാലൻ അവകാശപ്പെടുന്നു. അതുകൊണ്ട് ചരിത്രം ഓർമപ്പെടുത്തുന്നത് ചരിത്രത്തിലെ മോശം അധ്യായങ്ങൾ ആവർത്തിക്കാനല്ലെന്നും ലേഖനത്തിൽ പറയുന്നു. നേരത്തെ, മാറാട് കലാപം- ജമാഅത്തെ ഇസ്‌ലാമി പരാമർശത്തിൽ സംഘടനയുടെ വക്കീൽ നോട്ടീസ് നടപടിക്ക് പിന്നാലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് എ.കെ ബാലൻ കേരള മുസ്‍ലിം ജമാഅത്തിനെ ‘കേരള ജമാഅത്തെ‘ എന്ന് വിശേഷിപ്പിച്ചത്.

ജമാഅത്തെ ഇസ്‍ലാമി കുറെയുണ്ടല്ലോ എന്നും കേരള ജമാഅത്തെ ഇസ്‌ലാമി എന്ന് പറഞ്ഞല്ലേ എപിയുടെ ജാഥ എന്നുമായിരുന്നു ഈമാസം 10ന് എ.കെ ബാലൻ പറഞ്ഞത്. താൻ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരളാ ചാപ്റ്ററിന്റെ പേര് പറഞ്ഞിട്ടില്ലെന്നും ബാലൻ അവകാശപ്പെട്ടിരുന്നു. ജമാഅത്ത് പരമാർശം വിവാദമാവുകയും വക്കീൽ നോട്ടീസ് ലഭിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു എ.കെ ബാലന്റെ ഉരുണ്ടുകളി.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News