Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: എ.എ റഹീം എംപി ഇംഗ്ലീഷിൽ സംസരിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ച ഔചിത്യ പൂർണമല്ലെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ പാലോട്ടുമഠത്തിൽ. ഭരണത്തിന് നേതൃത്വം നൽകാനും വിഷയങ്ങളിൽ ഇടപെടാനും വേണ്ടത് മനസാണെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ മുസ്ലിം ബുൾഡോസർ വേട്ടയിൽ കേരളത്തിലെ ലീഗ് നേതൃത്വത്തിന് എന്താണ് പറയേണ്ടത് എന്നതാണ് പ്രസക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ ഭാഷാപരിമിതിയെ ട്രോളുന്നവരോട് ഒരു പരാതിയുമില്ലെന്ന് എ.എ റഹീം എംപി. തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെങ്കിലും മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒറ്റ ഭാഷയേ ഉള്ളൂവെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. കർണാടകയിലെ ജനങ്ങളുടെ വിഷമത്തിന്റെയും സങ്കടത്തിന്റെയും ഭാഷ മനസിലാക്കാൻ തനിക്ക് പ്രയാസമുണ്ടായില്ല. ഭാഷ മെച്ചപ്പെടുത്തി അങ്ങോട്ടേക്ക് പോകാം എന്ന് തീരുമാനിക്കാൻ ആകില്ലല്ലോയെന്നും റഹീം ചോദിച്ചു.
അഖിൽ പാലോട്ടുമഠത്തിലിൻ്റെ ഫേസ്ബുക്ക് കുറിപ്പ്
'ശ്രീ. എ. എ. റഹീം എംപി ഇംഗ്ലീഷിൽ സംസരിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ച ഔചിത്യ പൂർണ്ണമായ കാര്യമല്ല. ഭരണത്തിന് നേതൃത്വം നൽകാനും വിഷയങ്ങളിൽ ഇടപെടാനും വേണ്ടത് മനസ്സാണ്.
കോൺഗ്രസ് പാർട്ടിയുടെ അധിപൻ ആയിട്ടുള്ള ശ്രീ.കെ സി വേണുഗോപാൽ നിയന്ത്രിക്കുന്ന കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ മുസ്ലിം ബുൾഡോസർ വേട്ടയിൽ കേരളത്തിലെ ലീഗ് നേതൃത്വത്തിന് എന്താണ് പറയേണ്ടത് എന്നതാണ് പ്രസക്തം.!'