സര്‍ക്കാരിന്റെ പോരായ്മ ചൂണ്ടിക്കാട്ടി; അത് തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും തുടരും: അലോഷ്യസ് സേവ്യര്‍

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ പോരായ്മയാണ് ചൂണ്ടിക്കാട്ടിയത്. അതിനെ വിമര്‍ശനമായി കാണേണ്ടതില്ലെന്നും അലോഷ്യസ് സേവ്യര്‍

Update: 2026-07-17 14:08 GMT

കൊച്ചി: കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കേരളത്തിലെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ ചിരിക്കുക എന്നത് തന്റെ രാഷ്ട്രീയമാണെന്നും അലോഷ്യസ് സേവ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് തേവര എസ്എന്‍ കോളജില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി സതീശനും അലോഷ്യസ് സേവ്യറും ഒരേസമയം പങ്കെടുത്തിരുന്നു. ഇരുവരും തേവര കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്.

എന്നാല്‍ അലോഷ്യസിനോട് സംസാരിക്കാതെ മടങ്ങുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അലോഷ്യസിന്റെ പ്രതികരണം.

Advertising
Advertising

മുഖ്യമന്ത്രി തന്നെ കണ്ടോ എന്നറിയില്ലെന്നും അലോഷ്യസ് പറഞ്ഞു. സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെന്നും അത് തിരുത്തണമെന്നുമാണ് താന്‍ ചൂണ്ടിക്കാണിച്ചത്. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ആ തെറ്റ് തുടരുമെന്നും അലോഷ്യസ് വ്യക്തമാക്കി.

തങ്ങളെ കായികമായി ആക്രമിച്ച ഒരു സംഘത്തിന്റെ പ്രതിനിധിയാണ് പ്ലീഡര്‍ നിയമനത്തില്‍ ഉൾപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരായ കെഎസ്‌യു പ്രവര്‍ത്തകരുടെ വികാരത്തെ ഉള്‍ക്കൊള്ളുക എന്നതാണ് തന്റെ രാഷ്ട്രീയം.

ഇത് എന്റെ കൂടി സര്‍ക്കാരാണ്. ഈ നാട്ടിലെ സാധാരണക്കാരുടെയും സർക്കാരാണിത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ പോരായ്മയാണ് താൻ ചൂണ്ടിക്കാട്ടിയത്. അതിനെ വിമര്‍ശനമായി കാണേണ്ടതില്ലെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. 

പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യുവിന് റോളില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തള്ളുന്നില്ല. സാങ്കേതികമായി അത് ശരിയായിരിക്കാം. എന്നാല്‍ തന്റെ പ്രവര്‍ത്തകരുടെ വികാരത്തോടൊപ്പമാണ് താന്‍ ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്നത്. പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് കുറച്ചുകൂടി ജാഗ്രത പുലര്‍ത്താമായിരുന്നുവെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

വിഷയത്തില്‍ അലോഷ്യസ് സേവ്യറിന് പിന്തുണയുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദും രംഗത്തെത്തി. അലോഷ്യസ് സേവ്യറിന് പൊതുവേദിയില്‍ മുഖം നല്‍കാതെയും ഉയര്‍ത്തിയ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കാതെയും കേരളത്തിന്റെ മുഖ്യമന്ത്രി അപമാനിക്കുന്നത് മര്യദകേടാണെന്ന് ശിവപ്രസാദ് പറഞ്ഞു.

പരിധിവിട്ടുള്ള വിമര്‍ശനങ്ങള്‍ അംഗീകരിക്കാനാവില്ല -മന്ത്രി എ.പി അനില്‍കുമാര്‍

കെഎസ്‌യു നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ പറ്റാത്തത് വലിയ പ്രശ്‌നമായി കാണേണ്ടതില്ലെന്ന് മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനും കെഎസ്‌യുവിനും എക്കാലത്തും സ്വതന്ത്രമായ നിലപാടുകളും അഭിപ്രായ പ്രകടനങ്ങളും നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യത്തിന് പരിധികളുണ്ട്. പരിധിവിട്ടുള്ള വിമര്‍ശനങ്ങള്‍ അംഗീകരിക്കാനാവില്ല. എന്തെങ്കിലും അതൃപ്തിയോ പരാതിയോ ഉണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ നേതൃത്വത്തോട് നേരിട്ട് പറയണം, അല്ലാതെ പൊതുസ്ഥലത്ത് പരിധിവിട്ട് വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലുള്ള പ്രശ്‌നം അവര്‍ തമ്മില്‍ തീര്‍ക്കട്ടെ -കെ. മുരളീധരന്‍

മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലുള്ള പ്രശ്‌നം അവര്‍ തമ്മില്‍ തീര്‍ക്കട്ടേയെന്ന് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ ഒന്നും ഒരു തടസ്സവും ആര്‍ക്കും ഇല്ല. ആര്‍ക്കും അദ്ദേഹത്തിനെ സെക്രട്ടറിയേറ്റില്‍ പോയി കാണാം. വൈകുന്നേരം നാലുമണിക്ക് അദ്ദേഹം എല്ലാ സന്ദര്‍ശകരെയും കാണുന്നുണ്ട്. ഇതുപോലെ ജനകീയനായിട്ടുള്ള ഒരു മുഖ്യമന്ത്രി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലല്ലോ.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News