ഉണ്ടായത് അപ്രതീക്ഷിത തിരിച്ചടി, തിരുത്തി മുന്നോട്ട് പോകും; യുഡിഎഫ് വർഗീയശക്തികളുമായി നീക്കുപോക്ക് നടത്തിയാണ് മത്സരിച്ചത്: എം.വി ഗോവിന്ദൻ
മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളുമായി നല്ല യോജിപ്പോടെയാണ് യുഡിഎഫ് മത്സരിച്ചത്. ബിജെപിക്ക് തിരുവനന്തപുരം കോർപറേഷൻ ജയിക്കാനായി എന്നതൊഴിച്ചാൽ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആവശ്യമായ പരിശോധനകൾ നടത്തും. തിരുത്തി മുന്നോട്ട് പോകും. തിരുത്തലുകൾ വരുത്തി മുന്നോട്ടുപോയ അനുഭവം എൽഡിഎഫിൽ ഉണ്ടെന്നും എൽഡിഎഫിന്റെ അടിത്തറ തകർന്നിട്ടില്ലെന്നും എം.വി ഗോവിന്ദൻ. രാഷ്ട്രീയമായ വിധി നിർണയിക്കുന്ന ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം എൽഡിഎഫിനാണ്. പകുതിയിലും ജയിക്കാൻ സാധിച്ചുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. 2010ൽ നടന്ന തെരഞ്ഞെടുപ്പിൽ ആറ് ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് എൽഡിഎഫ് വിജയിച്ചതെന്നും മറ്റ് കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതാണെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വർഗീയശക്തികളുമായി പരസ്യമായും രഹസ്യമായും നീക്കുപോക്ക് നടത്തിയാണ് യുഡിഎഫ് മത്സരിച്ചതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപി വോട്ടുകൾ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകൾ ബിജെപിക്കും ലഭിച്ച നിരവധിയിടങ്ങളുണ്ട്. പരവൂർ നഗരസഭയിൽ മത്സരിച്ച സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗം സേതുമാധവന് പകരം ബിജെപി സ്ഥാനാർഥിയാണ് ജയിച്ചത്. സിപിഎം ജയിക്കാൻ സാധ്യതയുള്ള അവിടെ യുഡിഎഫിന് 20 വോട്ട് മാത്രമാണ് കിട്ടിയത്. എത്രത്തോളം വോട്ട് മാറ്റംചെയ്യപ്പെട്ടു എന്നതിന്റെ ഏറ്റവും പ്രധാന ഉദാഹരണമാണിത്. ഇത്തരത്തിൽ പരസ്പരം സഹായിച്ച നിരവധിയിടങ്ങളുണ്ട്.
മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളുമായി നല്ല യോജിപ്പോടെയാണ് യുഡിഎഫ് മത്സരിച്ചത്. ഇത്തരം പ്രചാരണങ്ങൾ യഥാർഥത്തിൽ ബിജെപിയേയും സഹായിച്ചു. ബിജെപിക്ക് തിരുവനന്തപുരം കോർപറേഷൻ ജയിക്കാനായി എന്നതൊഴിച്ചാൽ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം, പാലക്കാട് മുനിസിപ്പാലിറ്റികളിലാണ് ബിജെപി ജയിച്ചിരുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന പ്രദേശം ഉൾക്കൊളുന്ന പന്തളം മുനിസിപ്പാലിറ്റിയിൽ എൽഡിഎഫാണ് ജയിച്ചത്. ശബരിമല ഉൾക്കൊള്ളുന്ന വാർഡിലും എൽഡിഎഫിനാണ് ജയം. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ ഭൂരിപക്ഷം നഷ്ടപ്പെടുകയും എൽഡിഎഫിന് സീറ്റ് വർധിപ്പിക്കാൻ സാധിക്കുകയും ചെയ്തു. പന്തളത്തിന്റെ അടുത്തുള്ള മൂന്ന് പഞ്ചായത്തുകൾ ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
പ്രാദേശികമായി പരിശോധിക്കേണ്ട കാര്യങ്ങളുൾപ്പെടെ വിശദമായി പിന്നീട് പരിശോധിക്കും. സമാനതകളില്ലാത്ത നേട്ടങ്ങളാണ് സംസ്ഥാന സർക്കാർ കേരളത്തിന് നൽകിയത്. എന്നാൽ ഈ നേട്ടങ്ങൾ എന്തുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുണമായില്ല എന്നത് പരിശോധിക്കും. സംഘടനാപരമായ പോരായ്മകൾ ഉണ്ടായോ എന്ന് പരിശോധിക്കും. ജനവിശ്വാസം കൂടുതൽ നേടാനുള്ള പ്രവർത്തനങ്ങൾ ഇനിയും ശക്തമായി നടത്തേണ്ടതുണ്ട്.
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾ പരിശോധിച്ച് ആവശ്യമായ ഇടപെടലുകൾ പാർട്ടി അതിജീവിച്ച് മുന്നോട്ടുപോകും. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല. അങ്ങനെയെങ്കിൽ ഏഴ് ജില്ലാ പഞ്ചായത്തുകൾ ജയിക്കില്ല. എങ്കിലും വിശദാംശങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. സർക്കാരിന്റേത് മെച്ചപ്പെട്ട പ്രവർത്തനമായിരുന്നു. ഫലപ്രദമായ രീതിയിലാണ് സർക്കാർ പ്രവർത്തിച്ചത്. എന്നാൽ അതിനെയെങ്ങനെയാണ് ജനം മനസിലാക്കിയിട്ടുള്ളതെന്ന് പരിശോധിക്കും. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ക്ഷേമ പദ്ധതികൾ അവസാനം പ്രഖ്യാപിച്ചത്. അത് ജനങ്ങൾക്ക് മനസിലാക്കാൻ കഴിയും. ശബരിമല സ്വർണക്കൊള്ള സ്വാധീനം ഉണ്ടാക്കിയോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോര്‍പറേഷനുകളിലടക്കം ശക്തമായ മുന്നേറ്റമാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ഇത്തവണ നേരിടേണ്ടിവന്നത്. നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അഞ്ഞൂറോളം ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ഭരണമുറപ്പിച്ചു. ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും യുഡിഎഫിന്‍റെ തേരോട്ടമാണ്.