നടുറോഡിൽ വച്ച് മര്‍ദിച്ചു, ഫോൺ മോഷ്ടിച്ചു; ഗർഭിണിയുടെ മുഖത്തടിച്ച സിഐ പ്രതാപ് ചന്ദ്രനെതിരെ വീണ്ടും പരാതി
2023ൽ പ്രതാപ് ചന്ദ്രനും മറ്റ് പൊലീസുകാരും ചേർന്ന് മർദിച്ചെന്നാണ് യുവാവിന്‍റെ പരാതി
പാലക്കാട്: ഗർഭിണിയുടെ മുഖത്തടിച്ച സിഐ പ്രതാപ് ചന്ദ്രനെതിരെ വീണ്ടും പരാതി . 2023ൽ പ്രതാപ് ചന്ദ്രനും മറ്റ് പൊലീസുകാരും ചേർന്ന് മർദിച്ചെന്നാണ് യുവാവിന്‍റെ പരാതി. പാലക്കാട് സ്വദേശിയായ സനൂപിനും സുഹൃത്തുക്കൾക്കുമാണ് മർദനമേറ്റത്. തങ്ങളുടെ ഫോണും പൊലീസ് മോഷ്ടിച്ചതായി സനൂപ് മീഡിയവണിനോട് പറഞ്ഞു.
2023 മേയ് 16 ന് കിംഗ് ഓഫ് കൊത്ത സിനിമ ഷൂട്ടിങ്ങ് സെറ്റിൽ ഉണ്ടായിരുന്ന യുവാക്കൾക്കാണ് പൊലീസിൻ്റെ മർദനമേറ്റത് . എർണാകുളം നോർത്ത് എസ്എച്ച്ഒയായിരുന്ന പ്രതാപ് ചന്ദ്രനും കൂടെയുള്ള പൊലീസുകാരും ചേർന്ന് മർദിച്ചുവെന്നാണ് പരാതി . നടുറോട്ടിൽ വെച്ചും പൊലീസ് സ്റ്റേഷനിൽ വെച്ചും മർദിച്ചു.
സിനിമയിലെ വിഷ്വൽ എഡിറ്ററായ രാഹുൽ രാജിനെ മർദിച്ച് ഫോൺ എറിഞ്ഞ് പൊട്ടിച്ചു. സനൂപിൻ്റെ ഫോൺ പൊലീസ് എടുത്തു. ഫോൺ കസ്റ്റഡിയിൽ എടുത്തത് ഒരു രേഖയില്ലാത്തതിനാൽ ഐ ഫോൺ പൊലീസ് മോഷ്ടിച്ചതായി സംശയിക്കുന്നു
പൊലീസിനെ മർദിച്ചുവെന്ന കേസ് രജിസ്റ്റർ ചെയ്തതിനാൽ യുവാക്കൾ 3 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു . പൊലീസിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് യുവാക്കൾ.