ന്യൂനപക്ഷ വോട്ടുകൾ നേടാനുള്ള ശ്രമത്തിനിടെ സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയും തെരഞ്ഞെടുപ്പിൽ ചർച്ചയാവുന്നു

ഈരാറ്റുപേട്ട വിഷയത്തിൽ ഒരുവിഭാഗത്തെ കുറ്റപ്പെടുത്തിയതും, സംവരണ വിഷയത്തിലെ നിലപാടുകളും, ഓർത്തഡോക്‌സ് സഭക്ക് അനുകൂലമായ സുപ്രിംകോടതി വിധി നടപ്പാക്കാത്തതുമെല്ലാം പ്രചാരണ വിഷയങ്ങളായി ഉയർന്നു വരുന്നുണ്ട്.

Update: 2024-03-11 05:35 GMT
Advertising

തിരുവനന്തപുരം: ഫലസ്തീൻ, മണിപ്പൂർ വിഷയങ്ങളുയർത്തി ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിക്കാൻ ശ്രമിക്കുമ്പോൾ ചില വിഷയങ്ങളിലെ സർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധതയും തെരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയാവുന്നു. ഈരാറ്റുപേട്ട വിഷയത്തിൽ ഒരുവിഭാഗത്തെ കുറ്റപ്പെടുത്തിയതും, സംവരണ വിഷയത്തിലെ നിലപാടുകളും, ഓർത്തഡോക്‌സ് സഭക്ക് അനുകൂലമായ സുപ്രിംകോടതി വിധി നടപ്പാക്കാത്തതുമെല്ലാം പ്രചാരണ വിഷയങ്ങളായി ഉയർന്നു വരുന്നുണ്ട്.

അയോധ്യ, ഫലസ്തീൻ, പത്മജ, മണിപ്പൂർ വിഷയങ്ങൾ പ്രചാരണത്തിൽ ആളിക്കത്തിച്ച് ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനാണ് സി.പി.എം ശ്രമം. എന്നാൽ ഇതിനിടയിലും സമീപകാലത്തടക്കം ന്യൂനപക്ഷ വിഷയങ്ങളിൽ സി.പി.എം സ്വീകരിച്ച ചില നിലപാടുകൾ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ എതിർപ്പ് ക്ഷണിച്ച് വരുത്തുന്നതിനും ഇടയാക്കി. ഏറ്റവും ഒടുവിൽ ഈരാറ്റുപേട്ടയിലെ സംഭവത്തിൽ മുസ്‌ലിം വിദ്യാർഥികൾ മാത്രമാണെന്ന മുഖ്യമന്ത്രിയുടെ വാചകങ്ങൾ തെരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയാവുന്നുണ്ട്. പ്രത്യേകിച്ച് സമസ്തയുടെ പത്രമായ സുപ്രഭാതം മുഖ്യമന്ത്രിയുടെ പരാമർശങ്ങളെ ചോദ്യം ചെയ്ത് എഡിറ്റോറിയൽ എഴുതിയതും സി.പി.എമ്മിന് തിരിച്ചടിയായി.

ഈരാറ്റുപേട്ടയിലെ ക്രൈസ്തവ പ്രതിഷേധത്തിനിടയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിൽ നടപടി വൈകുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഭിന്നശേഷി സംവരണത്തിനായി മുസ്‌ലിം സംവരണത്തിൽ കൈവച്ചു, ഇതിന് പുറമെ മെഡിക്കൽ എഞ്ചിനീയറിങ്ങിലെ ഫ്‌ളോട്ടിങ് സംവരണം ഇല്ലാതാക്കുന്നത് മൂലം മുസ്‌ലിം, ഈഴവ, പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമുണ്ടാക്കുന്നതും എൽ.ഡി.എഫിനെതിരെ പ്രചാരണായുധമാകും. എളമരം കരീം, എ. വിജയരാഘവൻ തുടങ്ങിയ സ്ഥാനാർഥികൾ മുമ്പ് മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട നടത്തിയ ചില പരാമർശങ്ങൾ തെരഞ്ഞെടുപ്പായതോടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ഉയരുന്നുണ്ട്. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ സി.പി.എം നേതൃത്വം എടുത്ത നിലപാടും ഇതിനിടയിൽ ചർച്ചയാവുന്നുണ്ട്. മണിപ്പൂർ വിഷയം ക്രൈസ്തവ വോട്ട് ബാങ്കിലേക്ക് ചുവടുവെയ്ക്കാൻ ശ്രമിക്കുമ്പോഴും ഓർത്തഡോക്‌സ്-യാക്കോബായ തർക്കം പരിഹരിക്കാനുള്ള ചർച്ച് ബിൽ എവിടെയും എത്താത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ എന്ന ആശങ്കയും ഇടത് മുന്നണിയിൽ സജിവമാണ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News