പാണക്കാട് ഹുസൈൻ ആറ്റക്കോയ തങ്ങളെ കുറിച്ചുള്ള പോസ്റ്റ്; വിവാദമായതിന് പിന്നാലെ പിൻവലിച്ച് അൻവർ സാദിഖ്‌ ഫൈസി

പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ പിതാമഹനായ പാണക്കാട് ഹുസൈൻ ആറ്റക്കോയ തങ്ങൾ ജയിലിൽവച്ച് ബ്രിട്ടീഷ് സർക്കാരിനോട് മാപ്പപേക്ഷ നടത്തിയെന്നായിരുന്നു അൻവർ സാദിഖ്‌ ഫൈസി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്.

Update: 2024-01-13 10:53 GMT

കോഴിക്കോട്: പാണക്കാട് ഹുസൈൻ ആറ്റക്കോയ തങ്ങളെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്ന് 'സത്യധാര' എഡിറ്റർ അൻവർ സാദിഖ്‌ ഫൈസി പിൻവലിച്ചു. സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് മുഖപത്രമാണ് സത്യധാര. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ പിതാമഹനായ ഹുസൈൻ ആറ്റക്കോയ തങ്ങൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതായി പറയുന്ന കഥ വ്യാജമാണെന്നായിരുന്നു അൻവർ സാദിഖ്‌ ഫൈസിയുടെ വാദം. ഹുസൈൻ ആറ്റക്കോയ തങ്ങൾ അന്നത്തെ മലബാർ കലക്ടറായിരുന്ന വില്യം ലോഗന് ജയിലിൽനിന്ന് എഴുതിയ മാപ്പപേക്ഷയും ഫൈസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു.

Advertising
Advertising

സമസ്തയിലെ ഒരുവിഭാഗവും പാണക്കാട് കുടുംബവും തമ്മിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഫൈസിയുടെ പോസ്റ്റ് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. നിലവിലെ ചർച്ചകളുടെ പശ്ചാത്തലത്തിൽ പാണക്കാട് കുടുംബത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണ് അൻവർ സാദിഖ്‌ ഫൈസി നടത്തുന്നതെന്നും വിമർശനമുയർന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത്.

ചരിത്രപരമായ വൈജ്ഞാനിക സംവാദം എന്നതിനപ്പറും പാണക്കാട് കുടുംബത്തോടുള്ള വിരോധമാണ് തന്റെ പോസ്റ്റിന് കാരണമെന്ന രീതിയിൽ പ്രചാരണം നടന്നത് ഖേദകരമാണെന്ന് അൻവർ സാദിഖ്‌ ഫൈസി പറഞ്ഞു. നിലവിലെ ഭരണകൂടങ്ങളോട് സഹകരിക്കുക എന്ന സമീപനം മുൻ കഴിഞ്ഞ മഹാത്മാക്കളും വച്ചുപുലർത്തിയിരുന്നു എന്ന് സ്ഥാപിക്കാൻ മമ്പുറം തങ്ങൻമാർ, ഉമർ ഖാളി എന്നിവരെപ്പോലെ പാണക്കാട് ഹുസൈൻ ആറ്റക്കോയ തങ്ങളെയും പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരണക്കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നിലവിലെ ഭരണകൂടങ്ങളോട് സഹകരിക്കുക എന്ന സമീപനം മുൻ കഴിഞ്ഞ മിക്ക മഹാത്മാക്കളും വച്ചുപുലർത്തിയിരുന്നു എന്നു സ്ഥാപിക്കാൻ മമ്പുറം തങ്ങന്മാർ, ഉമർ ഖാള്വി എന്നിവരെ പോലെ പാണക്കാട് ഹുസൈൻ ആറ്റക്കോയ തങ്ങളെയും പറഞ്ഞിരുന്നു. മറ്റുള്ളവരെ കുറിച്ച് മുമ്പ് പലവട്ടം എഴുതിയതിനാൽ ഇന്നലെ ആറ്റക്കോയ തങ്ങളെ കുറിച്ചാണ് കാര്യമായും പ്രതിപാദിച്ചത്.

എന്നാൽ, ചരിത്രപരമായ വൈജ്ഞാനിക സംവാദം എന്നതിനപ്പുറം, അത് പാണക്കാട് സയ്യിദ് കുടുംബത്തോടുള്ള വിരോധം കാരണമാണ് എന്ന തരത്തിലാണ് പലരും പ്രചരിപ്പിച്ചത്. വളരെ സങ്കടകരമാണത്. ചരിത്ര പരമായ ഒരു സംവാദത്തിലേക്ക് നയിക്കുക എന്നത് ഒരിക്കലും ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചു കൊണ്ടല്ല. പാണക്കാട് ആറ്റക്കോയ തങ്ങളെ അവഹേളിക്കുകയാണ് ഉദ്ദേശ്യമെങ്കിൽ, അതിൽ ആദ്യം അവഹേളിക്കപ്പെടുന്നത് മമ്പുറം തങ്ങന്മാരും ഉമർഖാള്വിയുമൊക്കെ ആണല്ലോ. അല്ലാഹുവിൽ അഭയം. അതായിരുന്നില്ല ലക്ഷ്യമെന്ന് വൈജ്ഞാനിക സംവാദം ലക്ഷ്യമിടുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. പക്ഷേ, വൈകാരിക സമീപനങ്ങളിൽ ഏർപ്പെടുന്നവരുടെ ലക്ഷ്യം അതല്ലല്ലോ.

ഈ സയ്യിദന്മാരുടെയും ഉലമാക്കളുടെ മഹത്വം അവരുടെ സമര പോരാട്ടങ്ങളിലെ പങ്കാളിത്തമല്ല എന്നാണ് എൻ്റെ ബോധ്യം. അവരെ നാം ആദരിക്കാൻ മറ്റു നിരവധി ഘടകങ്ങളുണ്ട്. പിന്നെ, ആറ്റക്കോയ തങ്ങളെ കുറിച്ചുള്ള ഡോക്യുമെൻ്റ് ആദ്യം പുറത്തുവിടുന്നത്, ഞാനല്ല. പല ചരിത്രശേഷകരും പുറത്തുവിട്ടതാണത്. കേരളമുസ്‌ലിം ചരിത്രത്തെ മുഴുവൻ സമര പോരാട്ടങ്ങളുടേതാക്കി ചിത്രീകരിക്കുന്ന ജമഅത്തെ ഇസ്ലാമിയുടെ IPH ഉൾപ്പെടെ അവ ഇപ്പോഴും വിപണിയിൽ വിറ്റഴിക്കുന്നു. പക്ഷേ, പാണക്കാട് സയ്യിദ് കുടുംബത്തിനും അവരെ സ്നേഹിക്കുന്നവർക്കും എൻ്റെ കുറിപ്പ് പ്രയാസമുണ്ടാക്കിനിടയുണ്ട് എന്ന് പല ഗുണകാംക്ഷികളും ഉണർത്തുകയുണ്ടായി. അവരിൽ ആർക്കെങ്കിലും പ്രയാസകരമായിട്ടുണ്ടെങ്കിൽ, ഖേദം പ്രകടിപ്പിക്കുന്നു. സത്യത്തിൻ്റെ മാർഗത്തിൽ പരസ്പര ഗുണകാംക്ഷയോടെ പ്രവർത്തിക്കാൻ നമുക്കെല്ലാം അല്ലാഹു തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News