അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കസ്റ്റംസ്; ഇന്ന് ഹൈക്കോടതിയെ സമീപിക്കും

അർജുൻ ആയങ്കി ഇന്ന് കോടതിയിൽ ജാമ്യപേക്ഷ നൽകും.

Update: 2021-07-13 03:10 GMT
Advertising

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരാഴ്ചത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെടുക. കേസിൽ അർജുൻ ഇന്ന് കോടതിയിൽ ജാമ്യപേക്ഷ നൽകും. റിമാന്‍റ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ അര്‍ജുനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

നേരത്തെ കസ്റ്റംസിന്‍റെ കസ്റ്റഡി ആവശ്യം എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി തള്ളിയിരുന്നു. ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടികിട്ടണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. കേസിന്റെ അന്വേഷണത്തിനും തെളിവെടുപ്പിനും നേരത്തെ അനുവദിച്ച കസ്റ്റഡി കാലാവധി മതിയാകുമെന്നും വീണ്ടും കസ്റ്റഡി അനുവദിക്കേണ്ടതിന്റെ ആവശ്യങ്ങള്‍ വ്യക്തമായി ബോധിപ്പിക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ലെന്നായിരുന്നു അന്ന് കോടതി പ്രതികരിച്ചത്.

അതേസമയം, കേസിൽ രണ്ടുപേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഷാഫിയുടെയും അർജുൻ ആയങ്കിയുടെയും സുഹൃത്തുക്കളായ അജ്മല്‍, ആഷിഖ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അജ്മലിന്‍റെ മാതാവിന്‍റെ പേരിലാണ് അര്‍ജുന് സിം കാര്‍ഡ് എടുത്ത് നല്‍കിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News