'അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ച് മുറിവേൽപ്പിച്ചു'; തെളിവുകൾ പുറത്ത് വിട്ട് കുടുംബം

മര്‍ദിച്ചതിനെക്കുറിച്ച് ഫോൺ വിളിച്ച് ചോദിച്ച് പിന്നാലെ മകനെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നെന്ന് അർജുന്‍റെ പിതാവ് മീഡിയവണിനോട് പറഞ്ഞു

Update: 2025-10-20 08:27 GMT
Editor : Lissy P | By : Web Desk

പാലക്കാട്: കണ്ണാടി സ്‌കൂളിലെ ഒൻപതാം ക്ലാസുകാരൻ അർജുന്റെ ആത്മഹത്യയിൽ അധ്യാപികമാർക്കെതിരെ കൂടുതൽ ആരോപണവുമായി കുടുംബം. അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചിരുന്നുവെന്ന് പിതാവ് ജയകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു. ഇക്കാര്യം ചോദിച്ച് ഫോൺ വിളിച്ചതിന് പിന്നാലെ മകനെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു .അർജുനെ അധ്യാപിക മർദിച്ച് മുറിവേറ്റതിന്റെ തെളിവുകളും കുടുംബം പുറത്തുവിട്ടു. വിഷയവുമായി ബന്ധപ്പെട്ട അർജുന്റെ ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ വോയിസ് ക്ലിപ്പും കുടുംബം പുറത്തു വിട്ടു

ക്ലാസിലെ മറ്റു കുട്ടികളെ അധ്യാപിക സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും കുടുംബം ആരോപിച്ചു.  അന്വേഷണം വേഗത്തിലാക്കണമെന്നും കുടുംബത്തിൻ്റെ ആവശ്യം. അർജുന്റെ ആത്മഹത്യക്ക് പിന്നാലെ ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ്ചെയ്തിരുന്നു. ഇക്കഴിഞ്ഞ 14 നായിരുന്നു പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുനെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.   

ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സ്കൂൾ അധികൃതര്‍ ആരോപണം നിഷേധിച്ചു. വിദ്യാർഥിയുടെ ആത്മഹത്യയിൽ സ്കൂളിൽ വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്. കുട്ടിക്ക് വീട്ടിൽ നിന്നും സമ്മർദം ഉണ്ടായിരുന്നുവെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News