വളാഞ്ചേരിയില്‍ 21കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: അയല്‍വാസി അറസ്റ്റില്‍

സുബീറ ഫർഹത്തിനെ കാണാതായിട്ട് 40 ദിവസം. മൃതദേഹം വീടിന് സമീപത്തെ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍

Update: 2021-04-21 01:30 GMT
Advertising

മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാണാതായ 21കാരി സുബീറ ഫർഹത്തിന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ അയൽവാസിയും കഞ്ഞിപ്പുര സ്വദേശിയുമായ അൻവറിനെയാണ് തിരൂർ ഡിവൈഎസ്പി കെ.എ സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മൃതദേഹം കണ്ടെത്തിയതിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്ത അന്‍വറിനെ വിശദമായി ചോദ്യംചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണമുൾപ്പെടെ കൈക്കലാക്കാൻ പെൺകുട്ടിയെ കൊലപ്പെടുത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. മണ്ണിനടിയിൽ നിന്ന് ഇന്ന് മൃതദേഹം പുറത്തെടുത്ത് പൊലീസ് തുടർനടപടികൾ സ്വീകരിക്കും.

40 ദിവസമായി 21കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തിയ ശേഷമാകും കണ്ടെത്തിയത് സുബീറയുടെ മൃതദേഹമാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുക. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടി ജോലിസ്ഥലത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതേസമയം സ്ഥിരമായി ബസ് കയറുന്ന സ്ഥലത്ത് എത്തിയിട്ടുമില്ല. അതുകൊണ്ടുതന്നെ വീടിന്‍റെ പരിസരത്തുവെച്ച് തന്നെ പെണ്‍കുട്ടിക്ക് എന്തോ അപകടം സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. തുടര്‍ന്ന് പ്രദേശത്തെ പരിശോധന ഊര്‍ജിതമാക്കി. ക്വാറിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പ്രദേശത്തെ മണ്ണ് ഇളകിയ നിലയില്‍ കണ്ടെത്തിയതോടെ സ്ഥലം ഉടമ അന്‍വറിനെ പലതവണ ചോദ്യംചെയ്തു. തുടര്‍ന്നാണ് മണ്ണ് മാറ്റിയുള്ള തെരച്ചിലില്‍ മൃതദേഹത്തിന്‍റെ കാല്‍ കണ്ടെത്തിയത്. രാത്രി ആയതിനാല്‍ മൃതദേഹം പൂര്‍ണമായി പുറത്തെടുത്തില്ല. സ്ഥലത്ത് പൊലീസ് കാവലുണ്ട്. ഇന്ന് മൃതദേഹം പുറത്തെടുക്കും. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News