പിതാവിന്റെ ഖബറിന് മുകളിൽ തലചായ്ച്ച് വിതുമ്പി ഷൗക്കത്ത്; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
'ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും'
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്.രാവിലെ പിതാവായ ആര്യാടന്‍ മുഹമ്മദിന്‍റെ ഖബര്‍സ്ഥാനിലെത്തി പ്രാര്‍ഥിച്ചെത്തിച്ചു കൊണ്ടാണ് ഷൗക്കത്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
'നിലമ്പൂർ തിരിച്ച് പിടിക്കുക എന്നതായിരുന്നു തന്‍റെ പിതാവിന്‍റെ അഭിലാഷം. ഞാനെന്നല്ല, ആരായാലും നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കുക എന്ന വലിയ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതിൻ്റെ സഫലീകരണമാണ് ഈ തെരഞ്ഞെടുപ്പിൽ നടക്കേണ്ടത്.അതുകൊണ്ടാണ് ഖബറടിത്തിലെത്തിയത്. അദ്ദേഹത്തിനോട് നേരിട്ട് സംസാരിച്ചിട്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്...'ഷൗക്കത്ത് പറഞ്ഞു.
'ആരെക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും. ഞാനും, ജോയിയും മത്സരിക്കാൻ യോഗ്യരാണ്. പക്ഷേ,ഒരാൾക്കേ മത്സരിക്കാൻ കഴിയൂ . പാര്‍ട്ടി ആ ഉത്തരവാദിത്തം എന്നെയാണ് ഏല്‍പ്പിച്ചത്. എനിക്ക് യോഗ്യത കൂടിയത് കൊണ്ടല്ല എന്നെ ഏല്‍പ്പിച്ചത്. അത് പാർട്ടി എന്നെയാണ് ഏൽപ്പിച്ചത്. വലിയ ഭൂരിപക്ഷത്തോടെ നിലമ്പൂർ തിരിച്ചുപിടിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്'...ഷൗക്കത്ത് പറഞ്ഞു.