ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

ദ്വാരപാലക കേസില്‍ രണ്ട് പേരും കട്ടിളപ്പാളി കേസില്‍ ഒരാളും കൂടി പ്രതിയാകും

Update: 2026-02-09 16:18 GMT

കൊച്ചി: ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിജിലന്‍സ് ഡയറക്ടര്‍ പുതിയ അന്വേഷണസംഘം രൂപീകരിക്കണം. ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാനും 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ കൊടിമരം പുനര്‍നിര്‍മാണത്തിനായി സംഭാവന വാങ്ങിയതില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 27 പേരില്‍ നിന്നാണ് സംഭാവനയായി സ്വര്‍ണം സ്വീകരിച്ചത്. എത്രത്തോളം സ്വര്‍ണം സംഭാവനയായി സ്വീകരിച്ചു, അത് എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. സംഭാവന നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തണം. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് നടന്ന കൊടിമര നിര്‍മാണത്തിലാണ് കോടതി പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, കൊടിമര നിര്‍മാണം പൂര്‍ണമായും ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്ന് 2017ല്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന അജയ് തറയില്‍ പ്രതികരിച്ചു.

ഇതോടൊപ്പം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്ന് പേര്‍ കൂടി പ്രതികളാകും. കേസില്‍ മൂന്ന് പേരുടെ പങ്കാളിത്തം കൂടി സ്ഥിരീകരിച്ചതായും ഇവരെ ഉടന്‍ പ്രതിചേര്‍ക്കുമെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. ദ്വാരപാലക കേസില്‍ രണ്ട് പേരും കട്ടിളപ്പാളി കേസില്‍ ഒരാളും കൂടിയാണ് പ്രതിയാകുക. സ്വര്‍ണപാളികളുടെ പരിശോധന മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നടത്താന്‍ ദേവസ്വം ബെഞ്ച് അനുമതി നല്‍കി. ഇതിനായി വീണ്ടും സാംപിള്‍ ശേഖരിക്കും.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News