ഒരു കള്ളക്കച്ചവടവും നടത്തിയിട്ടില്ല; മരിച്ചിട്ടും സി.ജെ റോയിയെ ചിലര്‍ അപമാനിക്കുന്നു -കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് എംഡി ടി.എ ജോസഫ്
ചെയര്‍മാന്‍റെ മരണം ബിസിനസിനെ ബാധിക്കില്ലെന്നും ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ടെന്നും എംഡി
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയെ മരിച്ച് കഴിഞ്ഞിട്ടും ചിലര്‍ അപമാനിക്കുകയാണെന്ന് ഗ്രൂപ്പ് എംഡി ടി.എ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദായനികുതി വകുപ്പ് പരിശോധനയില്‍ തെറ്റായി ഒന്നും കണ്ടെത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ മാന്യമായാണ് പെരുമാറിയത്. എന്നാല്‍, ചില യൂട്യൂബര്‍മാര്‍ മോശമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. അത് റോയിയുടെ കുടുംബത്തെ ദുഃഖത്തിലാക്കിയെന്നും ജോസഫ് പറഞ്ഞു.
'ചെയര്‍മാൻ്റെ മരണം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. ജീവിതം ആഘോഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തിയറി. 20 വര്‍ഷം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലായതിനാല്‍ പല കാര്യങ്ങളും പുറത്ത് പറയാന്‍ കഴിയില്ല. അന്വേഷണത്തെ ബാധിക്കുന്ന ഒന്നും പറയരുതെന്ന് പൊലീസിന്റെ നിര്‍ദ്ദേശമുണ്ട്' - ജോസഫ് പറഞ്ഞു.
'ആദായ നികുതി വകുപ്പ് അഞ്ചോ ആറോ വര്‍ഷം കൂടുമ്പോള്‍ പരിശോധന നടത്താറുണ്ട്. 2016ല്‍ പരിശോധന നടത്തിയിരുന്നു. 2025ലും പരിശോധന നടത്തി. ഒരു തെറ്റും കണ്ടെത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയിട്ടില്ല. മാന്യമായാണ് പെരുമാറിയത്. എന്നാല്‍, ചില യൂട്യൂബര്‍മാര്‍ മോശമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ വാര്‍ത്ത നല്‍കി. അത് റോയിയുടെ കുടുംബത്തെ ദുഃഖത്തിലാക്കി.'
'ജിഎസ്ടി, ഇന്‍കം ടാക്‌സ് ഉള്‍പ്പെടെ കാര്യങ്ങളില്‍ സാധാരണ നടത്തുന്ന പരിശോധന മാത്രമേ ഉണ്ടായിട്ടുള്ളൂ. തെറ്റായ വാര്‍ത്തകള്‍ നല്‍കി ഞങ്ങളുടെ ഉപഭോക്താക്കളില്‍ ആശങ്ക ഉണ്ടാക്കാന്‍ ശ്രമിച്ചു. കള്ളക്കടത്തും ബിനാമിയും ചെയ്യുന്ന കമ്പനിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. അത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. ഒരു വിധത്തിലുമുള്ള കള്ളക്കച്ചവടവും നടത്തിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട കമ്പനിയാണ്. മരിച്ച് കഴിഞ്ഞിട്ടും സി.ജെ റോയിയെ ചിലര്‍ വിമര്‍ശിക്കുന്നു. എന്ത് തെറ്റാണ് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ചെയ്തത്?' - കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ ജോസഫ് ചോദിച്ചു. ചെയര്‍മാന്റെ മരണം ബിസിനസിനെ ബാധിക്കില്ലെന്നും ഇടപാടുകാര്‍ക്ക് ആശങ്ക ഒട്ടും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.